കണ്ണൂരിൽനിന്ന് എട്ട് നഗരങ്ങളിലേക്ക് ‘ഉഡാൻ’ വിമാന സർവിസ്
text_fieldsന്യൂഡൽഹി: ഉദ്ഘാടനം കാത്തിരിക്കുന്ന കണ്ണൂർ വിമാനത്താവളം കേന്ദ്രസർക്കാറിെൻറ ‘ഉഡാൻ’ പദ്ധതിയിൽ. ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സർവിസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഉഡാൻ. കണ്ണൂരിൽനിന്ന് എട്ടു നഗരങ്ങളിലേക്ക് പദ്ധതി പ്രകാരം സർവിസ് നടത്താൻ ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ വിമാന കമ്പനികൾക്ക് അനുമതിയായി. ആറുമാസത്തിനകം സർവിസ് തുടങ്ങുമെന്നാണ് പ്രതീക്ഷ.
കണ്ണൂരിൽനിന്ന് ബംഗളൂരു, ചെന്നൈ, ഗോവ, ഹിൻഡൻ, ഹുബ്ലി, മുംബൈ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് സർവിസ് നടത്താൻ ഇൗ കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം ഡൽഹിയിൽ നടന്ന ചടങ്ങിൽ അനുമതി രേഖകൾ കൈമാറി. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സ്പൈസ് ജെറ്റ് എല്ലാ ദിവസവും 78 വീതം യാത്രക്കാരെ ഉൾക്കൊള്ളുന്ന രണ്ടു സർവിസുകളാണ് നടത്തുക. രണ്ടിടത്തേക്കും ഇൻഡിഗോ വിമാനങ്ങളിൽ 74 പേർക്ക് പോകാം.
ഇൗ സർവിസുകളുടെ പരമാവധി നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ബംഗളൂരുവിലേക്ക് സ്പൈസ് ജെറ്റ് 1810 രൂപയും ഇൻഡിഗോ 1699 രൂപയുമാണ് ഇൗടാക്കുക. ചെന്നൈയിലേക്ക് ഇത് യഥാക്രമം 2660 രൂപ, 2499 രൂപ എന്നിങ്ങനെയായിരിക്കും.
തിരുവനന്തപുരം സർവിസിന് താൽപര്യം പ്രകടിപ്പിച്ച ഇൻഡിഗോ 2099 രൂപയാണ് ഇൗടാക്കുക. 74 യാത്രക്കാർക്ക് സൗകര്യമുള്ള പ്രതിദിന സർവിസാണിത്. കൊച്ചിയിലേക്കും ഇൻഡിഗോ ഇത്രതന്നെ യാത്രക്കാരുടെ പ്രതിദിന സർവിസ് നടത്തും. നിരക്ക് 1399 രൂപ.ഗോവ, ഹിൻഡൻ, ഹുബ്ലി, മുംബൈ സർവിസുകൾക്ക് മുന്നോട്ടുവന്നത് ഇൻഡിഗോയാണ്. മുംബൈയിലേക്കും ഹിൻഡനിലേക്കും 180 യാത്രക്കാരുടെ സർവിസാണ് തുടങ്ങുന്നത്. രണ്ടിടത്തേക്കും നിരക്ക് 3199 രൂപ. ഗോവയിലേക്ക് 2099 രൂപ, ഹുബ്ലിയിലേക്ക് 1999 രൂപ. ഇതും 74 യാത്രക്കാരെ വഹിക്കാവുന്ന ചെറുവിമാനങ്ങളായിരിക്കും.
ഉഡാൻ രണ്ടാംഘട്ടത്തിൽ 90 അനുമതി രേഖകളാണ് വ്യോമയാനമന്ത്രി അശോക് ഗജപതി രാജു, സഹമന്ത്രി ജയന്ത്സിൻഹയുടെ സാന്നിധ്യത്തിൽ ബുധനാഴ്ച കൈമാറിയത്. രാജ്യത്തെ 78 വിമാനത്താവളങ്ങളെയാണ് രണ്ടാംഘട്ടത്തിൽ ബന്ധിപ്പിക്കുന്നതെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാർഗിലിൽനിന്ന് ശ്രീനഗറിലേക്കുള്ളതടക്കം ഹെലികോപ്ടർ സർവിസുകളും ഇക്കൂട്ടത്തിൽപെടും. കർണാടകയിലെ ഹുബ്ലി ഉഡാനിലൂടെ വ്യോമയാന ഭൂപടത്തിൽ സ്ഥാനം പിടിക്കുകയാണ്. അവിടെനിന്ന് കൊച്ചിയും കണ്ണൂരും അടക്കം ഒമ്പതിടങ്ങളിലേക്ക് സർവിസ് ഉണ്ടാവും. തമിഴ്നാട്ടിലെ തഞ്ചാവൂർ, വെല്ലൂർ എന്നിവിടങ്ങളിൽനിന്ന് ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സർവിസ് തുടങ്ങും. യു.പിയിൽ അലീഗഢ്, അലഹബാദ്, അഅ്സംഗഢ്, ബറേലി, മുറാദാബാദ്, ഝാൻസി തുടങ്ങിയ നഗരങ്ങളിൽനിന്ന് വിമാന സർവിസ് ആരംഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
