യു.എ.പി.എ ദുരുപയോഗം ചെയ്താൽ നടപടി –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: യു.എ.പി.എ നിയമം ദുരുപയോഗം ചെയ്തതായി തെളിഞ്ഞാൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സർക്കാറിെൻറ നിർദേശമനുസരിച്ച് സംസ്ഥാന പൊലീസ് മേധാവി യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ പുനഃപരിശോധന നടത്തിയിട്ടുണ്ട്. ചിലകേസുകളിൽ നിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണമൂലം യു.എ.പി.എ ചുമത്തിയതായി കണ്ടെത്തി.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് രജിസ്റ്റർ ചെയ്തതുൾപ്പെടെയുള്ള ഇത്തരം കേസുകളിലെ യു.എ.പി.എ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും. യു.എ.പി.എ ചുമത്തുമ്പോൾ എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്ന് ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. യു.എ.പി.എ കേസിൽ ഉൾപ്പെട്ടവരുടെ കുറ്റസമ്മതമൊഴി ജില്ല പൊലീസ് മേധാവി രേഖപ്പെടുത്തണം. അത് വിഡിയോയിൽ പകർത്തുകയും വേണം. കേസ് രജിസ്റ്റർ ചെയ്താൽ ഡിവൈ.എസ്.പി/എ.എസ്.പി അന്വേഷിക്കണം.
ആദ്യഘട്ട സൂപ്പർവൈസറി ഓഫിസർ പൊലീസ് സൂപ്രണ്ടായിരിക്കണം. രണ്ടാംഘട്ട അന്വേഷണത്തിെൻറ സൂപ്പർവൈസറി ഓഫിസർ പൊലീസ് ഇൻസ്പെക്ടർ ജനറൽ ആയിരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സി. മമ്മൂട്ടി, പാറക്കൽ അബ്ദുല്ല, എൻ.എ. നെല്ലിക്കുന്ന്, കെ.എം. ഷാജി എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
