രൂപേഷിനെതിരായ യു.എ.പി.എ: കേരള സര്‍ക്കാര്‍ നടപടി അത്യന്തം പ്രതിഷേധാർഹമെന്ന് പൗരാവകാശ പ്രവർത്തകർ
text_fieldsകോഴിക്കോട് : മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യു.എ.പി.എ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടാനായി സുപ്രീം കോടതിയിൽ ഹര്‍ജി നല്‍കിയ കേരള സര്‍ക്കാര്‍ നടപടി അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് എഴുത്തുകാരും പൗരാവകാശ പ്രവർത്തരും. എൽ.ഡി.എഫ് സർക്കാർ ഈ നീക്കത്തിൽ നിന്നും പിന്തിരിയണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ തയാറാകണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അന്യായവും ദീർഘവുമായ വിചാരണ തടവ് ഒഴിവാക്കാന്‍ ഉദേശിച്ചാണ് വിചാരണാനുമതി നല്‍കാനുള്ള നടപടിക്ക് സമയക്രമം നിർദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് നിര്‍ദ്ദേശാത്മകം മാത്രമാണെന്നും കര്‍ശനമായി ഈ സമയക്രമം പാലിക്കേണ്ടതില്ലെന്നുമാണ് സുപ്രീം കോടതിയില്‍ കേരള സര്‍ക്കാരിന്റെ പ്രധാന വാദം എന്നാണ് മാധ്യമ വാർത്തകൾ.
യുഎപിഎ നടപടിക്രമമനുസരിച്ച് അന്വേഷണം പൂർത്തിയായതിനു ശേഷം ലഭിച്ച തെളിവുകൾ സ്വതന്ത്രമായ പുന പരിശോധനയ്ക്കായി ശുപാർശ ചെയ്യുന്ന അതോറിറ്റിക്കു അയക്കണം. ഈ രേഖകൾ ലഭിച്ച് ഏഴ് പ്രവർത്തിദിവസങ്ങള്‍ക്കകം അതോറിറ്റി തീരുമാനം എടുക്കണം. അതോറിറ്റിയുടെ റിപ്പോർട്ട് കിട്ടി ഏഴ് പ്രവർത്തിദിവസത്തിനകം സാങ്ക്ഷനിങ് അതോറിറ്റിയും വിചാരണാനുമതി നൽകണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ രൂപേഷിനെതിരായ കേസില്‍ ഏതാണ്ട് ആറു മാസമാണ് വിചാരണാനുമതി നല്‍കുന്നതിന് വേണ്ടിയുള്ള നടപടി പൂര്‍ത്തിയാക്കാന്‍ എടുത്തത്. ഈ കാലവിളംബം നിയമവിരുധമാണെന്നു ചൂണ്ടിക്കാണിച്ചാണ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് യുഎപിഎ പ്രകാരമുള്ള വകുപ്പുകള്‍ റദ്ദാക്കിയത്.
കേരള സര്‍ക്കാറിന്റെ വാദം കോടതി അംഗീകരിച്ചു വിധിയായാല്‍ അത് രൂപേഷിനെ മാത്രം ബാധിക്കുന്ന ഒരു വിധിയായിരിക്കില്ല. മറിച്ച് കുറ്റാരോപിതർക്കനുകൂലമായി യു.എ.പി.എ നിയമത്തിലുള്ള അപൂർവമായ വ്യവസ്ഥയെ ഫലത്തിൽ ഇല്ലാതാക്കുന്ന നടപടിയായി മാറും.
ഇനിയും വിചാരണയില്ലാതെ തടവില്‍ കഴിയുന്ന അനേകായിരം മനുഷ്യരുടെ മോചനത്തിനായുള്ള നേരിയ സാധ്യതയെ കൂടി അത് ഇല്ലാതാക്കും. യു.എ.പി.എ തങ്ങളുടെ നയമല്ലെന്നു പ്രഖ്യാപിച്ചിട്ടുള്ള ഇടതു ജനാധിപത്യ മുന്നണി സർക്കാർ തന്നെ അതിനു കാരണക്കാരാകുന്നത് ഇടതുമുന്നണിയുടെ ചരിത്രത്തിലെ എന്നെന്നേക്കുമുള്ള കളങ്കമായി മാറുമെന്ന് പ്രസ്താവനയിൽ ഓർമ്മപ്പെടുത്തി.
സച്ചിദാനന്ദൻ,ബി രാജീവൻ, ഡോ.പി കെ പോക്കർ.ഡോ.ടി.ടി. ശ്രീകുമാർ, ജെന്നി റോവിന,സാറ ജോസഫ്, ഡോ. കെ.ടി.റാംമോഹൻ, അഡ്വ.കെ.എസ്. മധുസുധനൻ,ഡോ.ജെ ദേവിക, കുസുമം ജോസഫ്, പ്രമോദ് പുഴങ്കര,എം. സുൽഫത്, സജീദ് ഖാലിദ്, അലൻ, താഹ, ഡോ.എം.എം.ഖാൻ, മാഗ്ലിൻ ഫിലോമിന, അംബിക,കെ.പി സേതുനാഥ്, ആർ.അജയൻ, അഡ്വ ഷാനവാസ്, എ.എം നദ്‌വി, അഡ്വ സുഗതൻ പോൾ, റെനി ഐയിലിൻ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

