തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് യു.എ.ഇ കോണ്‍സുലേറ്റിന്റെ ഗുഡ്സര്‍ട്ടിഫിക്കറ്റ്. സ്വപ്ന മികച്ച ഉദ്യോഗസ്ഥയാണെന്നും ഇവർക്ക് മികച്ച തൊഴില്‍ പരിചയവും ഉണ്ടെന്ന് കോണ്‍സുല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. സംസ്ഥാന സർക്കാരിന്റെ ഐ.ടി വകുപ്പില്‍ ജോലി നേടാന്‍ സ്വപ്ന ആ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്.
സ്വപ്നയെ സാമ്പത്തിക തിരിമറികള്‍ക്ക് പുറത്താക്കി എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന രേഖകള്‍ വ്യക്തമാക്കുന്നത് യു.എ.ഇ. കോണ്‍സുലേറ്റ് അന്നു നല്കിയ ഗുഡ് സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് സ്വപ്ന ഐ.ടി വകുപ്പിലെ ജോലി തരപ്പെടുത്തിയത് എന്നാണ്.
സ്വപ്ന നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ കൂടി തെളിയിക്കുന്ന രേഖകളുണ്ട്. മഹാരാഷ്ട്രയിലെ ഡോ.ബാലാസാഹേബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.കോം ബിരുദം നേടിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഇതിനൊപ്പം വെച്ചിരിക്കുന്നത്. ഒമ്പതുവര്‍ഷം ഇന്നൊവേറ്റീവ് സ്ട്രാറ്റജിസ്റ്റായി പ്രവര്‍ത്തിപരിചയം ഉണ്ടെന്നും ബയോഡേറ്റയിൽ പറയുന്നു.