തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് മൊഴി നൽകിയ ശേഷമാണ് യു.എ.ഇ കോണ്‍സുലേറ്റിലെ അഡ്മിന് അറ്റാഷെ ഇന്ത്യ വിട്ടതെന്ന് വിവരം. കഴിഞ്ഞദിവസം വരെ തലസ്ഥാനത്ത് കഴിഞ്ഞ അഡ്മിന് അറ്റാഷെ അബ്ദുല്ല സെയ്ദ് അല്ഖത്താനിയെ നേരിൽ കണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചതത്രേ. ഞായറാഴ്ചയാണ് അദ്ദേഹം ഇന്ത്യ വിട്ടത്. 15 ദിവസത്തിനകം മടങ്ങുമെന്നാണ് സഹപ്രവർത്തകരോട് പറഞ്ഞത്.
ദിവസങ്ങൾക്ക് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥർ കോൺസുലേറ്റിലെത്തി ജീവനക്കാരോട് അഡ്മിന് അറ്റാെഷയെ കാണണമെന്ന് അറിയിച്ചു. അകത്തേക്ക് കടക്കാന്‍ അനുവാദം ലഭിച്ചില്ല. അറ്റാഷെ പുറത്തെത്തി ഉദ്യോഗസ്ഥരെ കണ്ടു. സ്വപ്ന, സരിത്ത് എന്നിവരുടെ നിയമനം, കോണ്‍സുലേറ്റില്‍നിന്ന് മാറ്റാനുള്ള കാരണം, ഇതിനുശേഷവും അവര്‍ ഇവിടെ വരാനിടയായതും സരിത്ത് ബാഗേജ് ഏറ്റുവാങ്ങാന്‍ പോകാനിടയായതുമായ സാഹചര്യം, ആരോപണ വിധേയനായ അറ്റാഷെയുടെ നാട്ടിലേക്കുള്ള മടക്കം തുടങ്ങിയ കാര്യങ്ങള്‍ ആരാഞ്ഞു.
അതോടൊപ്പം കോൺസുലേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തും നല്കി. എന്നാല്‍, കത്തിന് മറുപടി നല്‍കാതെയാണ് അഡ്മിന് അറ്റാഷെ മടങ്ങിയത്. കോണ്‍സുലേറ്റിലെ ചില ജീവനക്കാരെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യംചെയ്തു.
സ്വപ്നയും സരിത്തുമുൾപ്പെടെ സ്വർണക്കടത്ത് കേസിലെ പ്രതികൾ കോൺസുലേറ്റിലെ നിത്യ സന്ദർശകരായിരുന്നെന്നും അവർക്ക് അവിടെ എല്ലാ സ്വാതന്ത്ര്യവും ലഭിച്ചിരുന്നെന്നും ഇവർ മൊഴി നൽകി. ആ സാഹചര്യത്തിലാണ് സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. നാട്ടിലേക്ക് മടങ്ങിയ അറ്റാഷെക്ക് പകരം എത്തിയ ഉദ്യോഗസ്ഥൻ ഫ്ലാറ്റിൽ തന്നെ തുടരുകയാണെന്നും കോൺസുലേറ്റിൽ എത്തിയില്ലെന്നുമാണ് വിവരം.