എം.ശിവശങ്കറിനെതിരെ യു.വി ജോസ് വിജിലൻസിന് മൊഴി നൽകി
text_fieldsകൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ എം. ശിവശങ്കറിനെതിരെ വിജിലന്‍സിന് ലൈഫ്മിഷൻ സി.ഇ.ഒ യു.വി ജോസിന്‍റെ മൊഴി. അഞ്ച് മണിക്കൂറാണ് വിജിലിന്‍സ് യു.വി ജോസിന്‍റെ മൊഴിയെടുത്തത്. ശിവശങ്കറിന്‍റെ ഇടപെടലാണ് യൂണിടാകിന് സഹായമായതെന്നാണ് ജോസ് നൽകിയ മൊഴി.
ലൈഫ് മിഷന്‍ കരാര്‍ മുഴുവന്‍ തയാറാക്കിയത് എം.ശിവശങ്കറെന്ന് യു.വി ജോസ് പറഞ്ഞു.യുണിടാക്കും യു.എ.ഇ കോൺസുലേറ്റും തമ്മിലുള്ള കരാറും സന്തോഷ് ഈപ്പന്‍റെ സെയ്ൻ വെഞ്ച്വേഴ്സും യു.എ.ഇ കോൺസുലേറ്റും തമ്മിലുള്ള കരാറും താൻ അറിഞ്ഞിരുന്നില്ലെന്നും യു.വി ജോസ് നല്‍കിയ മൊഴിയിലുണ്ട്. കരാറിന്റെ അന്തിമഘട്ടത്തിൽ മാത്രമാണ് ഇതേക്കുറിച്ചെല്ലാം താൻ അറിയുന്നതെന്നും ജോസ് നൽകിയ മൊഴിയിലുണ്ട്.
ലൈഫ് മിഷന്‍ പദ്ധതി അധോലോക ഇടപാടാണെന്ന് സി.ബി.ഐ ഹൈകോടതിയിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ലൈഫ് മിഷന്‍ ധാരണാപത്രം ഹൈജാക്ക് ചെയ്തുവെന്നും സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാനസർക്കാരും യൂണിടാക് ഉടമയും സമർപ്പിച്ച ഹരജി പരിഗണിക്കവെ സി.ബി.ഐ പറഞ്ഞിരുന്നു. കേസില്‍ യു.വി. ജോസ് പ്രതിയോ സാക്ഷിയോ ആകുമോയെന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും സി.ബി.ഐ കോടതിയെ ബോധിപ്പിച്ചിരുന്നു.