Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധിക്ഷേപ പരാമർശം: ലീഗ്...

അധിക്ഷേപ പരാമർശം: ലീഗ് നടപടി സന്തോഷകരം, നല്ല കാര്യം -യു. പ്രതിഭ

text_fields
bookmark_border
അധിക്ഷേപ പരാമർശം: ലീഗ് നടപടി സന്തോഷകരം, നല്ല കാര്യം -യു. പ്രതിഭ
cancel

കായംകുളം: തന്നെ അധിക്ഷേപിച്ച യു.ഡി.എഫ് മണ്ഡലം ചെയർമാനും മുസ്‍ലിം ലീഗ് മണ്ഡലം പ്രസിഡന്‍റുമായ എ. ഇർഷാദിനെ സസ്പെൻഡ് ചെയ്ത മുസ്‍ലിം ലീഗ് നടപടി സന്തോഷകരവും നല്ല കാര്യവുമാണെന്ന് കായംകുളത്തെ ഇടതുസ്ഥാനാർഥി യു. പ്രതിഭ. യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പ്രതിഭക്കെതിരെ ഇർഷാദ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.

‘തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്നും ലീഗ് പ്രാഥമിക അംഗത്വത്തിൽനിന്ന് ഇർഷാദിനെ നീക്കം ചെയ്തത് സന്തോഷകരമാണ്. അത്തരത്തിലുള്ള പ്രവണതകളെ ഒരു രാഷ്ട്രീയ പാർട്ടിയും വെച്ചുപൊറുപ്പിക്കാൻ പാടില്ല. അത്തരം ഒരു നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് നല്ല കാര്യം’ -പ്രതിഭ പറഞ്ഞു.

അതേസമയം, മുമ്പ് മാധ്യമപ്രവർത്തകർക്കെതിരെ താൻ നടത്തിയ അധിക്ഷേപ പരാമർശത്തെ പ്രതിഭ ന്യായീകരിച്ചു. തന്റെ വാക്കുകൾ അടർത്തിയെടുത്ത് വളച്ചൊടിച്ചതാണെന്ന് അവർപറഞ്ഞു. ഞാൻ അത്തരത്തിൽ അനാവശ്യ പരാമർശം നടത്തിയിട്ടില്ലെന്നും ആ വിഡിയോ മൊത്തം കണ്ടാൽ എല്ലാവർക്കും ബോധ്യമാകുമെന്നും അവർ പറഞ്ഞു.

‘തനിക്കെതിരെ നടത്തിയ പരാമർശത്തിൽ പരാതിയുമായി പാർട്ടിയാണ് മുന്നോട്ടുപോവുക. സ്ഥാനാർഥി എന്ന നിലയിൽ തിരക്കുള്ളതിനാൽ അതിന്റെ പിന്നാലെ നടക്കാൻ പ്രയാസമുണ്ട്. മണ്ഡലം കമ്മിറ്റിയാണ് തെര​ഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതി കൈകാര്യം ചെയ്യുന്നത്. മഹിളാ അസോസിയേഷൻ നേതാവ് പൊലീസിൽ പരാതി നൽകും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പിന്തുണ അറിയിച്ച് വിളിച്ചിരുന്നു. കാര്യങ്ങൾ ധൈര്യസമേതം പറഞ്ഞ് വോട്ടുചോദിക്കുന്ന ആളാണ് ഞാൻ. എതിർസ്ഥാനാർഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒന്നും ഞാൻ പറയാറില്ല. ആശയങ്ങളെ എതിർക്കാറുണ്ട്. ഒരാളുടെയും രൂപമല്ല, കാര്യക്ഷമതയാണ് ചർച്ച ചെയ്യേണ്ടത്’ -പ്രതിഭ പറഞ്ഞു.

കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അധ്യക്ഷപ്രസംഗത്തിനിടെയാണ് ഇടത് സ്ഥാനാർഥി യു. പ്രതിഭക്കെതിരെ ഇർഷാദ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഇതിനുപിന്നാലെ ഇർഷാദിനെ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് വാർത്തകുറിപ്പിൽ അറിയിച്ചു.

‘‘ജനപ്രതിനിധിയെന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന യാഥാർഥ്യം മുന്നിൽ നിൽക്കെയാണ് വാക്ചാതുര്യംകൊണ്ടും ശരീര അഴക് കൊണ്ടും അതൊക്കെ തന്നെ വിൽപ്പനക്ക് വെച്ച് വീണ്ടും അവർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്’’ എന്നായിരുന്നു വിവാദ പരാമർശം. എം.എൽ.എയുടെ കുടുംബ വിഷയങ്ങളും മകനുമായി ബന്ധപ്പെട്ട കേസും പ്രസംഗത്തിലുണ്ടായിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവാദമായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയായിരുന്നു കൺവെൻഷൻ ഉദ്ഘാടകൻ.

അതേസമയം, യു. പ്രതിഭക്കെതിരെ രാഷ്ട്രീയ വിമർശനമാണ് താൻ നടത്തിയതെന്നും എന്നാൽ, ചില പ്രയോഗങ്ങൾ വ്യക്തിപരമായ തരത്തിൽ സംഭവിച്ചതിൽ ഖേദിക്കുന്നുവെന്നും ഇർഷാദ് പറഞ്ഞു. എം.എൽ.എയെന്ന നിലയിൽ കഴിഞ്ഞ 10 വർഷത്തെ സ്ഥാനാർഥിയുടെ പ്രവർത്തനങ്ങളെയും തെറ്റായ നയങ്ങളെയും സംബന്ധിച്ച വിമർശനമാണ് പ്രസംഗത്തിലൂടെ ലക്ഷ്യമിട്ടത്. ഇതിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ചിലർ വിവാദമുണ്ടാക്കുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ തന്‍റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ആരെയും വ്യക്തിഹത്യ നടത്തുകയോ, മാനസിക പ്രയാസമുണ്ടാക്കുംവിധം പെരുമാറുകയോ ചെയ്തിട്ടില്ല. തന്റെ പ്രസംഗത്തിൽ ആർക്കെങ്കിലും മാനസിക ബുദ്ധിമുട്ടുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായും ഇർഷാദ് പറഞ്ഞു.

ഖേദപ്രകടനം അംഗീകരിക്കാൻ കഴിയില്ലെന്നും തന്നെയും കുടുംബത്തെയും ബോധപൂർവം അവഹേളിക്കുകയായിരുന്നുവെന്നുമാണ് പ്രതിഭ പ്രതികരിച്ചത്. സ്ത്രീകളോടുള്ള യു.ഡി.എഫ് നേതാവിന്‍റെ സമീപനമാണ് ഇതിലൂടെ വെളിച്ചത്തുവന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. കെ.എച്ച്. ബാബുജാൻ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ബാബുജാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueControversial remarksCPMPrathiba
News Summary - u prathiba about muslim league action against a irshad
Next Story