ട്രക്കിങ്ങിനിടെ കാട്ടിൽ കാണാതായ രണ്ട് യുവാക്കളെയും കണ്ടെത്തി
text_fieldsകോട്ടയം: ഈരാറ്റുപേട്ടയിൽനിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ അഞ്ചംഗ സംഘത്തിലെ കാണാതായ രണ്ട് യുവാക്കളെയും കണ്ടെത്തി. തേവരുപാറ സ്വദേശികളായ അൽത്താഫ് (23), ഹാഫിസ് ബഷീർ (23) എന്നിവരെയാണ് വനത്തിൽ കാണാതായിരുന്നത്. രണ്ട് ദിവസമായി ഇവർക്കായി തെരച്ചിൽ തുടരുകയായിരുന്നു.
കൊടൈക്കനാൽ പൂണ്ടിയിൽനിന്ന് 25 കിലോമീറ്റർ അകലെ കത്രികാവട എന്ന വനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവാക്കളെ കണ്ട മരംവെട്ടുകാർ വനമേഖലയിൽ ഫയർ ലൈൻ തെളിക്കുന്നവരെയും ഇവർ വനപാലകരെയും വിവരം അറിയിച്ചു. വനപാലകർ യുവാക്കളെ കൊടൈക്കനാലിൽ എത്തിക്കുകയായിരുന്നു.
തിങ്കളാഴ്ചയാണ് പുതുവത്സരം ആഘോഷിക്കാനായി സംഘം കൊടൈക്കനാലിലെ പൂണ്ടി എന്ന ഉൾക്കാട്ടിലേക്ക് ട്രക്കിങ്ങിന് പോയത്. എന്നാൽ, എല്ലാവരും തിരിച്ചിറങ്ങിയപ്പോൾ അൽത്താഫും ഹാഫിസും വന്നില്ല. ബന്ധുക്കൾ ഈരാറ്റുപേട്ട പൊലീസിലും കൊടൈക്കനാൽ പൊലീസിലും പരാതി നൽകിയിരുന്നു.

