അഷ്ടമുടിക്കായലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
text_fieldsഅഞ്ചാലുംമൂട്: അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിനുസമീപം ബോട്ട് ജെട്ടിക്കടുത്ത് കായലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. കൊല്ലം വാളത്തുംഗല്‍ ചേതന നഗര്‍ ആനന്ദഭവനം തിട്ടയില്‍ തെക്കതില്‍ ബിജു-അജിത ദമ്പതികളുടെ മകന്‍ ആദിത്യന്‍ (19), ചേതന നഗര്‍ സര്‍പ്പക്കാവിന് സമീപം ബിജു-സിന്ധു ദമ്പതികളുടെ മകന്‍ അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. ആറുപേരടങ്ങുന്ന സംഘമാണ് രാവിലെ ബോട്ട് ജെട്ടിയില്‍ കുളിക്കാനെത്തിയത്. ഇവരില്‍ രണ്ടുപേർ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. കരയില്‍ നില്‍ക്കുന്നവരുടെ നിലവിളികേട്ട് എത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സമീപവാസിയും പൊലീസ് ഉദ്യോഗസ്ഥനുമായ സഹീര്‍, സഹോദരന്‍ സാജിദ്, അജീര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. യുവാക്കളെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാവിലെ എട്ടോടെയാണ് സുഹൃത്തുക്കൾ വീരഭദ്ര സ്വാമി ക്ഷേത്രത്തിൽ പോയത്. ക്ഷേത്രദർശനം കഴിഞ്ഞ് കുളിക്കാൻ കായലിൽ ഇറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെല്ലാം കരയിൽ കയറിയിട്ടും ആദിത്യനെയും അഭിജിത്തിനെയും കാണാതെവന്നതോടെയാണ് ഇവർ അപകടത്തിൽപെട്ടതായി മനസിലാക്കിയത്. ആദിത്യന്‍റെ സഹോദരൻ അഭിജിത്ത് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹങ്ങൾ പോളയത്തോട് വിശ്രാന്തിയിൽ സംസ്കരിച്ചു.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായി അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു. മാടന്‍നടയില്‍ ഹെല്‍മറ്റ് കടയില്‍ ജോലി നോക്കുകയായിരുന്നു ആദിത്യന്‍. അഭിജിത്ത് മയ്യനാട് എച്ച്.എസ്.എസിലെ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാർഥിയാണ്. സഹോദരന്‍: അക്ഷയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

