റീൽസ് ചിത്രീകരിക്കുന്നതിനിടെ നദിയിൽ യുവാക്കൾ മുങ്ങിമരിച്ചു
text_fieldsഗൊരഖ്പൂർ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരില്‍ നദിയിൽ കുളിക്കുന്നതിനിടെ റീൽസ് ചിത്രീകരിക്കുകയായിരുന്ന രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ഗൊരഖ്പൂരിലെ രാപ്തി നദിയിലാണ് സംഭവം.
പിപ്പിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ കർത്തഹാരി ഗ്രാമത്തിന് സമീപം ഏഴംഗ സുഹൃത്തുക്കളുടെ സംഘം കുളിക്കാനായി എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ ഇവർ സമൂഹമാധ്യമങ്ങൾക്കായി വീഡിയോയും റീൽസും ചിത്രീകരിക്കുന്നുണ്ടായിരുന്നു.
ഇതിനിടെ ഒരാൾ അബദ്ധത്തിൽ ആഴമുള്ള ഭാഗത്തേക്ക് ഒലിച്ചുപോവുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. ഉടൻ തന്നെ മറ്റൊരു സുഹൃത്ത് രക്ഷിക്കാനായി നദിയിലേക്ക് ഇറങ്ങിയെങ്കിലും ഇരുവരും ഒഴുക്കിൽപെടുകയായിരുന്നു.
ബാക്കിയുണ്ടായിരുന്ന സുഹൃത്തുക്കൾ കരയിലേക്ക് ഓടിക്കയറി ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിവരമറിഞ്ഞ് പോലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
തുടർന്ന് നടത്തിയ തിരച്ചിലിൽ സഹജാവ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജഗദീഷ്പൂർ ഗാഹി ഗ്രാമവാസികളായ ശിവം കുമാർ (21), ഗോലു കുമാർ (19) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
നദിയിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് ഇരുവരും മുങ്ങിമരിച്ചതെന്ന് ജിഡ സർക്കിൾ ഓഫിസർ യോഗേന്ദ്ര സിങ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
അറിയുക, സമൂഹമാധ്യമങ്ങളല്ല ജീവിതം
സമൂഹമാധ്യമങ്ങളിൽ തരംഗമാകാൻ റീൽസ് ചിത്രീകരിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നത് അതീവ ഗൗരവകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗൊരഖ്പൂരിലെ അപകടം പോലെ നിരവധി സംഭവങ്ങൾ ആവർത്തിക്കുമ്പോൾ, ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളും മുന്നറിയിപ്പുകളും ഇവർ മുന്നോട്ടുവെക്കുന്നു
-അപകടസാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക: നദികൾ, അണക്കെട്ടുകൾ, ഉയരമുള്ള കെട്ടിടങ്ങൾ, പാറക്കെട്ടുകൾ, തിരക്കേറിയ റോഡുകൾ തുടങ്ങിയ അപകടകരമായ സ്ഥലങ്ങളിൽ ചിത്രീകരണം നടത്തരുത്. പ്രകൃതിക്ഷോഭങ്ങൾ പെട്ടെന്ന് സംഭവിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക: സാഹസികതക്ക് മുതിരുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയോ, അല്ലെങ്കിൽ അത്തരം ശ്രമങ്ങളിൽ നിന്ന് പൂർണമായും ഒഴിഞ്ഞുനിൽക്കുകയോ ചെയ്യുക.
-സാഹചര്യങ്ങളെ വിലയിരുത്തുക: വെള്ളത്തിന്റെ ആഴം, ഒഴുക്ക്, മണ്ണിന്റെ ഉറപ്പ് എന്നിവ മുൻകൂട്ടി കണക്കാക്കാൻ കഴിയില്ല. കാഴ്ചയിൽ ശാന്തമായി തോന്നുന്ന നദികൾ പോലും അപ്രതീക്ഷിതമായി അപകടകരമായി മാറാം.
-മറ്റുള്ളവരുടെ സുരക്ഷയും കൂടി ചിന്തിക്കുക: സ്വന്തം സുരക്ഷ മാത്രമല്ല, ഒപ്പമുള്ളവരുടെ സുരക്ഷ കൂടി കണക്കിലെടുക്കുക. ഒരാൾ അപകടത്തിൽപ്പെട്ടാൽ സഹായത്തിനെത്തുന്ന മറ്റുള്ളവർ കൂടി അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നത് മറക്കരുത്.
-ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ജീവൻ കളയരുത്: ഒരു റീൽസ് വീഡിയോക്ക് ലഭിക്കുന്ന ലൈക്കുകളോ വ്യൂസോ നിങ്ങളുടെ ജീവനേക്കാൾ വിലപ്പെട്ടതല്ല. സോഷ്യൽ മീഡിയയിലെ പ്രശസ്തിയെക്കാൾ ഉപരിയായി സ്വന്തം ജീവന്റെ സുരക്ഷക്ക് മുൻഗണന നൽകുക.
-സുഹൃത്തുക്കളുടെ സമ്മർദ്ദം: സുഹൃത്തുക്കൾ നിർബന്ധിച്ചതുകൊണ്ട് മാത്രം അപകടകരമായ സാഹസികതക്ക് മുതിരരുത്. ‘നോ’ എന്ന് പറയാൻ പഠിക്കുന്നത് ചിലപ്പോൾ വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
-നിയമനടപടികൾ: അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിക്കുന്നത് പലയിടത്തും നിയമവിരുദ്ധമാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കേസുകൾ വരാനും പിഴയൊടുക്കാനും ജയിൽശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

