മാങ്കുളത്ത് ഉണക്കമരം വീണ് രണ്ട്; സ്ത്രീത്തൊഴിലാളികൾക്ക് ദാരുണാന്ത്യം
text_fieldsഅടിമാലി: മാങ്കുളത്തിന് സമീപം ഏലത്തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെ ഉണക്കമരം വീണ് രണ്ട് തോട്ടം തൊഴിലാളികൾ മരിച്ചു. സിങ്കുകുടി ആദിവാസി ഉന്നതിയിലെ താമസക്കാരായ പെത്തണ്ണന്റെ ഭാര്യ ചില്ലിയമ്മ (54), വീരലക്ഷ്മി അങ്കമുത്തു (51) എന്നിവരാണ് മരിച്ചത്.
സിങ്കുകുടിക്ക് സമീപം മണിമല ജോർജ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടിമാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പത്തിലേറെ തൊഴിലാളികൾ അപകടസമയം തോട്ടത്തിലുണ്ടായിരുന്നു. ഏറെനാളായി ഉണങ്ങിനിന്നിരുന്ന വൻ മരം കടപുഴകി ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഇവർ രണ്ടുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പ്രദേശവാസികളും തോട്ടം തൊഴിലാളികളും മരം മുറിച്ചുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്. മരിച്ച വീരലക്ഷ്മിയുടെ മക്കൾ: ശ്രീകുമാർ, ശിശുകുമാർ. ചില്ലിയമ്മയുടെ മക്കൾ: ഉലകപ്പൻ, ചിന്നസ്വാമി, രാജലക്ഷമി, ശിവനാഥൻ. മരുമക്കൾ: കന്യാകുമാരി, ദേവി, ചിത്രസേനൻ, സൗന്ദര്യ. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.

