ചലനശേഷിയില്ലാത്തവർക്ക് 'രക്ഷക'നൊരുക്കി ഉദയകുമാർ
text_fields‘രക്ഷകനി’ൽ യാത്രചെയ്യുന്ന ഉദയകുമാറിനും
സിജിക്കുമൊപ്പം ബാബു സി. വേലംപറമ്പിലും ബിനുവും
ആലപ്പുഴ: ചേർത്തല പതിനൊന്നാംമൈൽ സുഭാഷ് കവലയിൽ വീടിനോട് ചേർന്ന ന്യൂ ഉദയ ടൂ വീലർ വർക്ക് ഷോപ്പിൽ ഉദയകുമാർ കഴിഞ്ഞ ആറുമാസമായി തിരക്കിട്ട് പണിതത് ഒരു കൊച്ച് മോട്ടോർ ബോട്ടായിരുന്നു. 'രക്ഷകൻ' എന്നാണ് പേര്.
പ്രളയത്തിൽ കുടുങ്ങിയ ചലനശേഷിയില്ലാത്തവരും ശാരീരിക വൈകല്യമുള്ളവരും രക്ഷാപ്രവർത്തകർ കൊണ്ടുവന്ന ബോട്ടുകളിൽ കയറാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു.
ഇരുപത് വർഷം മുമ്പ് ജീവിതത്തിലേക്ക് ഉദയകുമാർ കൈപിടിച്ച് കൊണ്ടുവന്ന നല്ല പാതി സിജിയും ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ്. സ്പൈൻ ഇൻജുവേഡ് ഡിപ്പൻഡെൻഡൻറ് ഡിസ്ഏബിൾഡ് അസോസിയേഷൻ (സിദ്ധ) എന്ന പ്രസ്ഥാനത്തിെൻറ പ്രസിഡൻറ് കൂടിയാണ് സിജി.
കാൽ നൂറ്റാണ്ട് മുമ്പ് സംസ്ഥാന വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിൽ ദിവസവേതനത്തിന് ലാസ്ക്കർ ജോലി ചെയ്യുേമ്പാൾ ശാരീരിക വൈകല്യമുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഉദയകുമാർ നേരിട്ട് അനുഭവിച്ചിരുന്നു. അവർക്ക് കയറാനും ഇറങ്ങാനും വേണ്ട സൗകര്യമുള്ള ജലയാനം ഒരുക്കണമെന്ന ആഗ്രഹം അന്നേ മനസ്സിലുണ്ടായിരുന്നു. പിന്നീട് സിജി ജീവിതത്തിൽ കൂട്ടുവരികയും പ്രളയവും കൂടി വന്നപ്പോൾ 'രക്ഷകൻ' പിറവിയെടുത്തു.
ഐ.ടി.ഐ വിദ്യാർഥിയായ മകൻ ഗോവിന്ദിന് പിതാവ് നിർമിക്കുന്ന ബോട്ട് വെള്ളത്തിൽ ശരിയായി ഓടുമോയെന്ന സംശയമുണ്ടായിരുന്നു. മകെൻറ സംശയം തീർക്കാൻ പണിപകുതിയായപ്പോൾ ഒന്ന് വെള്ളത്തിലിറക്കി നോക്കി.
സംഗതി കിറുകൃത്യമാണെന്ന് കണ്ടപ്പോൾ ആവേശം വർധിച്ചു. ഒടുവിൽ കഴിഞ്ഞ ദിവസം സിദ്ധ സെക്രട്ടറി ബാബു സി. വേലംപറമ്പിലും തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. േജ്യാതിസും ചേർന്ന് നീറ്റിലിറക്കി. ശാരീരിക വെല്ലുവിളി നേരിടുന്ന ബിനുവാണ് തെൻറ പഴയ എൻജിൻ ബോട്ട് നിർമാണത്തിനായി നൽകിയത്.
ആരുടെയും കൈയിൽനിന്ന് ഒരു രൂപ പോലും സ്വീകരിക്കാതെ മൂന്ന് ലക്ഷത്തോളം രൂപ ചെലവിട്ടാണ് ഉദയകുമാർ ബോട്ട് പൂർത്തീകരിച്ചത്.
ഉദയകുമാർ -സിജി ദമ്പതികൾക്ക് ജാനകി എന്നൊരു മകൾ കൂടിയുണ്ട്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്.സ്പോർട്ട്സ് സ്കൂളിലെ വിദ്യാർഥിനിയാണ് ജാനകി.