കഫേയിൽ നിർമിച്ചുനൽകിയത് രണ്ടായിരം വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ
text_fieldsമാനന്തവാടി: നഗരത്തിലെ വ്യൂ ടവറിലെ ഡോട്ട് കോം ഇൻറർനെറ്റ് കഫേയിൽനിന്ന് പൊലീസ് കണ്ടെത്തിയത് രണ്ടായിരത്തോളം സർട്ടിഫിക്കറ്റുകളെന്ന് സൂചന. കഴിഞ്ഞദിവസമാണ് മാനന്തവാടി ഗാന്ധി പാർക്കിലെ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടിയത്.
അറസ്റ്റിലായ സ്ഥാപന ഉടമ അഞ്ചാംമൈൽ കണക്കശ്ശേരി റിയാസ് (33) റിമാൻഡിലാണ്. ഇവിടെ നിന്നു പിടിച്ചെടുത്ത കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, പ്രിൻറർ എന്നിവ പരിശോധിച്ചപ്പോഴാണ് വലിയ തോതിലുള്ള തട്ടിപ്പ് നടന്ന വിവരം പുറത്തുവരുന്നത്. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കൂടുതൽ പരിശോധനകൾക്കായി സാങ്കേതിക വിദഗ്ധരുടെ സഹായം തേടി. ജില്ലയിലെ വിവിധ ലാബുകളുടെ പേരിലാണ് സർട്ടിഫിക്കറ്റുകൾ നിർമിച്ചിരിക്കുന്നത്. ഒരു സർട്ടിഫിക്കറ്റിന് 200 രൂപ വീതമാണ് ഈടാക്കിയിരുന്നത്.