ചോദ്യചോർച്ച: എം.എസ് സൊലൂഷൻസിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കൊടുവള്ളി എം.എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. പാവങ്ങാട് ചാപ്പംകണ്ടി വീട്ടിൽ ജിഷ്ണു (34) മലപ്പുറം കോൽമണ്ണ തുമ്പത്ത് വീട്ടിൽ ടി. ഫഹദ് (33), എന്നിവരെയാണ് കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി ഇ. സുനിൽകുമാറിന്റെ നേതൃത്വത്തിലെ ക്രൈംബ്രാഞ്ച് സംഘം വാവാടുള്ള ക്വാട്ടേഴ്‌സിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടും ഹാജരാകാതെ ഒന്നരമാസത്തോളം കർണാടകയിലും മറ്റും ഒളിവിൽ കഴിഞ്ഞ ഇരുവരും അടുത്ത ദിവസമാണ് വാവാട് എത്തിയത്. എം.എസ് സൊലൂഷൻസിന്റെ ഓൺലൈൻ ക്ലാസുകളിലെ അധ്യാപകരാണ് ഇവർ. ജിഷ്ണു പ്ലസ് വൺ കണക്കും ഫഹദ് എസ്.എസ്.എൽ.സി ഇംഗ്ലീഷ് ക്ലാസുമാണെടുത്തത്. പരീക്ഷയുടെ തലേദിവസം ഇവർ വിഡിയോ വഴി പരസ്യപ്പെടുത്തിയ ചോദ്യങ്ങളാണ് ചോദ്യപേപ്പറിലുണ്ടായിരുന്നത്. ഇക്കാരണത്താലാണ് ഇരുവർക്കുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. എം.എസ് സൊലൂഷൻസ് ഉടമ ശുഹൈബും ജീവനക്കാരുമാണ് ഓൺലൈൻ ക്ലാസിനുള്ള ചോദ്യങ്ങൾ തയാറാക്കിയതെന്നും ആ ചോദ്യങ്ങൾ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞത്.
ശുഹൈബിനെ പിടികൂടിയാൽ മാത്രമേ ചോദ്യങ്ങൾ ലഭിച്ചത് എവിടെനിന്നാണെന്ന് അറിയാൻ സാധിക്കൂ. അതേസമയം, ശുഹൈബ് ഒളിവിലാണ്. ഇയാൾക്കെതിരെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കുകയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഗൂഢാലോചന, വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

