വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ചിറയിൽ മുങ്ങിമരിച്ചു
text_fieldsവിദ്യാർഥികൾക്കായി തെരച്ചിൽ നടത്തുന്നു. ഇൻസെറ്റിൽ മരിച്ച അശ്വിൻ, അശ്വന്ത്
സുൽത്താൻ ബത്തേരി: നെൻമേനി പഞ്ചായത്തിലെ ഗോവിന്ദൻമൂല ചിറയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥികളായ ചീരാല്‍ വെള്ളച്ചാല്‍ കുറിച്ചിയാട് ശ്രീധരന്റെ ഏക മകന്‍ അശ്വന്ത് (17), കുപ്പാടി കുറ്റിലക്കാട്ട് സുരേഷ്ബാബുവിന്റെ മകന്‍ അശ്വിന്‍(17) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം. ചിറയിൽ ഇറങ്ങിയപ്പോൾ ചുഴിയിൽ അകപ്പെടുകയായിരുന്നു. മൂന്നു കുട്ടികളാണ് ഗോവിന്ദൻമൂലയില്‍ എത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കരയിൽ ഇരിക്കുകയായിരുന്നു. അശ്വന്തിനും അശ്വിനും നീന്തൽ വശമില്ലായിരുന്നുവെന്നാണ് സൂചന. ഇടക്കൽ ഗുഹ കാണാൻ അമ്പുകുത്തി മല കയറിയ ശേഷം ചിറയിലെത്തി കുളിക്കാനിറങ്ങുകയായിരുന്നുവെന്നാണ് അറിയുന്നത്.
മൃതദേഹങ്ങൾ സുൽത്താൻ ബത്തേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അശ്വന്തിന്റെ മാതാവ് ചിത്ര. ദീപയാണ് അശ്വിന്റെ മാതാവ്. സഹോദരൻ അക്ഷയ്.
അഗ്നിരക്ഷ സേനാംഗങ്ങളാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ജില്ല ഫയർ ഓഫിസർ മൂസ വടക്കേതിൽ, സുൽത്താൻ ബത്തേരി അസി. സ്റ്റേഷൻ ഓഫിസർ പി.കെ. ഭരതൻ, ഓഫിസർമാരായ ഐ. ജോസഫ്, സി.ടി. സെയ്തലവി, ഒ.ജി. പ്രഭാകരൻ, കെ.എം. ഷിബു, കെ.സി. ജിജുമോൻ, എൻ.എസ്. അരൂപ്, കെ. ധനീഷ്, എ.ഡി. നിബിൽ ദാസ്, എ.ബി. സതീഷ്, അഖിൽ രാജ്, കെ. അജിൽ, കീർത്തിക് കുമാർ, കെ.എസ്. സന്ദീപ് എന്നിവരാണ് ചിറയിൽ തിരച്ചിൽ നടത്തിയത്.