സഹോദരങ്ങളുടെ മക്കൾ ചാലിയാറിൽ മുങ്ങിമരിച്ചു
text_fieldsഅഫ്ത്താഹ് റഹ്മാൻ, റയാൻ
മമ്പാട്: സഹോദരങ്ങളുടെ മക്കളായ രണ്ട് വിദ്യാർഥികൾ ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മമ്പാട് പന്തലിങ്ങൽ മില്ലുംപടി കുന്നുമ്മൽ ഹമീദിന്റെ മകൻ റയാൻ (11), കുന്നുമ്മൽ സിദ്ദീഖിന്റെ മകൻ അഫ്ത്താഹ് റഹ്മാൻ (14) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30 ഓടെ മമ്പാട് ഓടായിക്കൽ റെഗുലേറ്ററിന് അമ്പതോളം മീറ്റർ താഴെ റിവർ ലാൻഡ് ചിൽഡ്രൻസ് പാർക്കിന് സമീപം ആയിരംകല്ല് കടവിലായിരുന്നു സംഭവം.
ഓണാവധിയായതിനാൽ ഇരുവരും പിതാവിന്റെ സഹോദരിയുടെ പുള്ളിപ്പാടത്തെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. കുടുംബാംഗങ്ങളോടും ബന്ധുക്കളോടുമൊപ്പം കുളിക്കാനെത്തിയ ഇവർ പാലത്തിന് ചുവടെ പാറയുള്ള ഭാഗത്താണ് ഒഴുക്കിൽപെട്ടത്. നാട്ടുകാരും എമർജൻസി റെസ്ക്യൂ ഫോഴ്സും നടത്തിയ തിരച്ചിലിൽ ആദ്യം റയാനെ കണ്ടെത്തി നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചു. പിന്നാലെ അഫ്ത്താഹിനെയും മമ്പാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്പൂർ ജില്ല ആശുപത്രിയിലുമെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു.
മമ്പാട് എം.ഇ.എസ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അഫ്ത്താഹ് റഹ്മാൻ. മാതാവ്: നിഷ. സഹോദരങ്ങൾ: ലിയ ഷംറിൻ, ആയിഷ മഹ്റിൻ. കാട്ടുമുണ്ട ഗവ. യു.പി സ്കൂൾ വിദ്യാർഥിയാണ് റയാൻ. മാതാവ്: സജ്ന. സഹോദരങ്ങൾ: റിൻഷിത്, അജ്മൽ, അസ്ബിൻ, റിസ്ബാൻ. മൃതദേഹങ്ങൾ നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കം തിങ്കളാഴ്ച.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

