
രണ്ടില ചിഹ്നം: നീതി കിട്ടുംവരെ പോരാടും –മോൻസ് ജോസഫ്
text_fieldsകോട്ടയം: നീതി കിട്ടുന്നതുവരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിനു നൽകിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകും.
രണ്ടില ജോസഫ് വിഭാഗത്തിന് അർഹതപ്പെട്ടതാണെന്നും ജോസ് വിഭാഗത്തിനു നൽകിയ നടപടി സ്റ്റേ ചെയ്യണമെന്ന അപേക്ഷയും ഡിവിഷൻ ബെഞ്ചിനു സമർപ്പിക്കുമെന്നും ജോസഫ് പക്ഷത്തെ പ്രമുഖ നേതാവ് മോൻസ് ജോസഫ് എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു. രണ്ടില ലഭിക്കാത്തത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല. ചെണ്ട ചിഹ്നത്തിൽ മത്സരിക്കാൻ സ്ഥാനാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രവർത്തകരോടും വ്യക്തമാക്കിയിട്ടുണ്ട്. ചിഹ്നം പലതുമാറിമാറി വന്നിട്ടുണ്ട്. കുതിരയും സൈക്കിളും ആനയും എല്ലാം പാർട്ടി ചിഹ്നമായിരുന്നു. ചിഹ്നത്തെക്കാൾ പ്രധാനം മുന്നണിയാണ്. തദ്ദേശ തെരെഞ്ഞടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടും. 480 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 310 പേർ തങ്ങൾക്കൊപ്പമാണെന്ന ജോസ് വിഭാഗം നടത്തുന്ന വാദം അംഗീകരിക്കാനാവില്ല - മോൻസ് പറഞ്ഞു.