സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പ്രവർത്തനം ഇന്ന് അവസാനിക്കും; അടച്ചുപൂട്ടുന്നത് വരുമാനക്കുറവ് ചൂണ്ടിക്കാട്ടി
text_fieldsചിറക്കൽ സ്റ്റേഷൻ
കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിക്കും. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്റ്റേഷൻ, കണ്ണൂരിലെ ചിറക്കൽ സ്റ്റേഷൻ എന്നിവയാണ് അടച്ചുപൂട്ടുന്നത്. പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന ഹാൾട്ട് സ്റ്റേഷനുകളാണിവ.
ഇന്ന് രാത്രി 7.45ഓടെ ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അവസാന ട്രെയിൻ പുറപ്പെടും. വെള്ളറക്കാടും ഇന്ന് രാത്രിയോടെ അവസാന ട്രെയിനും കടന്നുപോകുന്നതോടെ പ്രവർത്തനം നിർത്തും. നഷ്ടത്തിലായതിനെ തുടർന്നാണ് ഈ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതെന്നാണ് റെയിൽവെ നൽകുന്ന വിശദീകരണം. ഈ റെയിൽവെ സ്റ്റേഷനുകളിലെ ജീവനക്കാരെ മാറ്റി നിയമിക്കുമെന്നാണ് വിവരം.
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷൻ. 60 വർഷം മുൻപ് കെ. കേളപ്പൻ മുൻകയ്യെടുത്ത് സ്ഥാപിച്ച ഈ സ്റ്റേഷൻ കോവിഡിന് മുൻപു വരെ ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന ഹാൾട്ട് സ്റ്റേഷനുകളിൽ ഒന്നായിരുന്നു. സ്റ്റേഷന് ഏറ്റവും കൂടുതൽ വരുമാനം നൽകിയിരുന്ന കണ്ണൂർ– കോയമ്പത്തൂർ, കോയമ്പത്തൂർ –കണ്ണൂർ പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയതോടെ വരുമാനം കുറയുകയായിരുന്നു.
കണ്ണൂർ റെയിൽവെ സ്റ്റേഷന് അടുത്ത് കിടക്കുന്നതാണ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ. മംഗലാപുരം മണിപ്പാൽ എന്നിവിടങ്ങളിലെ ആശുപത്രികളിലും കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനും പോകുന്നവരാണ് ഇവിടെനിന്നുള്ള യാത്രക്കാരിൽ ഏറെയും. ബസ് സൗകര്യമില്ലാത്ത അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന്, അലവിൽ, പൂതപ്പാറ, പുതിയാപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയകേന്ദ്രമാണ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ. ഈ സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർ ഇനി മുതൽ മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി സ്ഥിതിയാണുള്ളത്.
വരുമാനം കുറച്ച് ഹാൾട്ട് സ്റ്റേഷനുകൾ നിർത്തലാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും പാസഞ്ചർ ട്രെയിനുകൾ ഇല്ലാതാക്കിയത് അതിന്‍റെ ഭാഗമാണെന്നും പാസഞ്ചേഴ്സ് അസോസിയേഷനും റെയിൽവേ സംരക്ഷണ സമിതിയും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

