പതിനേഴുകാരനെ മുത്തശ്ശിയുടെ മുന്നിലിട്ട് മർദ്ദിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ
text_fieldsകോലഞ്ചേരി: പതിനേഴുകാരനെ മുത്തശ്ശിയുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത ഒരാളടക്കം രണ്ടു പേർ പിടിയിലായി. പെൺസുഹൃത്തുമായി ചാറ്റ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മൂന്നംഗ സംഘം പതിനേഴുകാരനെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് പൊലീസ് തൃപ്പൂണിത്തുറ ആശുപത്രിയിൽ ചികിത്സയിലിരുന്ന പതിനേഴുകാരെൻറ മൊഴിയെടുക്കുകയായിരുന്നു. ശേഷമാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. അക്രമി സംഘം തന്നെ പകർത്തിയ വിഡിയോ ആണ് ചോർന്നത്.
കഴിഞ്ഞ ദിവസം പുത്തൻകുരിശ് സ്‌റ്റേഷൻ പരിധിയിലെ മോനിപ്പിള്ളിയിലാണ് സംഭവം. പതിനേഴുകാരനെ അന്വേഷിച്ചെത്തിയ മൂവർ സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കിയാണ് മുത്തശ്ശിയുടെ മുന്നിലിട്ട് മർദ്ദിക്കുന്നത്. മുത്തശ്ശി ഉണ്ടായതിനാൽ നിന്നെ കൊല്ലാതെ വിടുന്നു, അടുത്ത പണി നിനക്ക് നടുറോഡിലാണെന്ന് വെല്ലുവിളിച്ചാണ് അക്രമികൾ മടങ്ങുന്നത്. മൂന്ന് ദിവസം മുമ്പ് നടന്ന സംഭവത്തിെൻറ വിഡിയോ ഇന്നലെ രാവിലെയാണ് ഫേസ് ബുക്കിൽ അക്രമി സംഘത്തെ അധികൃതരുടെ മുന്നിലെത്തിക്കുക എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തത്.
അക്രമി സംഘത്തിെൻറ മൊബൈലിൽ നിന്ന് തന്നെയാണ് വീഡിയോ ചോർന്നത്. ഇതു പിന്നീട് വൈറലായി. അടി കൊണ്ടയാൾ തൃശൂർ റയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത മൊബൈൽ മോഷണ കേസിലും, നാട്ടിൽ നിരവധി ബൈക്ക് മോഷണ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ദിവസം ഒരാടിനെ മോഷ്ടിച്ച കേസിലും ഇയാൾക്കെതിരെ അന്വേഷണമുണ്ട്. അനാഥനായ ഇയാൾ പ്രായമായ മുത്തശ്ശിക്കൊപ്പമാണ് താമസം. കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ പ്രതിയായ മൂന്നാമനെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചതായി പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ സാജൻ സേവ്യർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
