പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയൻ പൊലീസ് ക്യാമ്പിലെ പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. പാടത്തിന്‍റെ ഉടമയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയെ പിടിക്കാൻ വൈദ്യുതി കെണി വെക്കാറുണ്ടെന്ന് ഇവർ മൊഴി നൽകിയതായി പൊലീസ്.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ക്യാമ്പിലെ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
ഇന്ന് രാവിലെ ഹവീൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപത്തെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതി കമ്പിയിൽ നിന്ന് രണ്ടു പേരുടെ കൈക്ക് ഷോക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച രാത്രി മുതൽ ഇരുവരെയും കാണാനില്ലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഇന്ന് തന്നെ ബന്ധുക്കൾക്ക് കൈമാറും.