രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsആരോമൽ, ജിജിൻ ഫിലിപ്പ്
കോട്ടയം: കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പ പ്രകാരം ജില്ലയിൽനിന്ന് നാടുകടത്തി. ളാക്കാട്ടൂർ തോട്ടപ്പള്ളി കല്ലുതറ വീട്ടിൽ ആരോമൽ എന്ന ഉണ്ണിക്കുട്ടൻ (23), വടവാതൂർ ചെമ്പോല ഭാഗത്ത് താമസിക്കുന്ന മുട്ടമ്പലം കുന്നുകുഴി കോഴിമല വീട്ടിൽ രതീഷ് എന്ന ജിജിൻ ഫിലിപ്പ് (26) എന്നിവരെയാണ് നാടുകടത്തിയത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉണ്ണിക്കുട്ടനെ ഒമ്പതു മാസത്തേക്കും ജിജിൻ ഫിലിപ്പിനെ ആറുമാസത്തേക്കുമാണ് നാടുകടത്തിയത്. ഉണ്ണിക്കുട്ടന് പാമ്പാടി, മണർകാട് സ്റ്റേഷനുകളിലായി അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങി നിരവധി കേസുകളും ജിജിൻ ഫിലിപ്പിന് കോട്ടയം വെസ്റ്റ്, മണർകാട് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്.

