യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ഓച്ചിറ: യുവാവിനെ മാരകായുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. തഴവ കടത്തൂർ എന്നമ്പിൽ വീട്ടിൽ അഖിൽ (29), തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽ ബ്ലാക്ക് വിഷ്ണു എന്ന വിഷ്ണു (27) എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രി 9.15 മണിയോടെ ഓച്ചിറ മഠത്തിൽ സ്കൂളിന് സമീപം ജോലികഴിഞ്ഞ് മടങ്ങിവന്ന സജീഷിനെ ബെക്കിലെത്തിയ പ്രതികൾ വെട്ടുകയായിരുന്നു. സജീഷിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഓച്ചിറ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വിഷ്ണു വധശ്രമം അടക്കം ആറോളം കേസുകളിൽ പ്രതിയും കാപ്പ നടപടി നേരിട്ടയാളുമാണ്.
കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നിർദേശാനുസരണം ഓച്ചിറ ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എ.എസ്.ഐമാരായ സന്തോഷ്, അഷ്റഫ്, സി.പി.ഒമാരായ വിനോദ്, മോഹൻലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

