കൊച്ചി: കോൺഗ്രസ് സമരത്തിനിടെ നടൻ ജോജു ജോർജിെൻറ വാഹനം ആക്രമിച്ച കേസിൽ രണ്ട് പേർക്കുകൂടി ജാമ്യം അനുവദിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ പി.വൈ. ഷാജഹാൻ, അരുൺ വർഗീസ് എന്നിവർക്കാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയായി ഓരോരുത്തരും 37,500 രൂപ വീതം കോടതിയിൽ കെട്ടിവെക്കണം, ഇതിനുപുറമെ 50,000 രൂപയുടെ ബോണ്ടിന്മേലും രണ്ടാൾ ഉറപ്പിന്മേലുമാണ് ജാമ്യം അനുവദിച്ചത്.
മുൻ മേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡൻറ് ജർജസ് വി. ജേക്കബ്, ഐ.എൻ.ടി.യു.സി നേതാവ് ഷരീഫ്, വൈറ്റില മണ്ഡലം സെക്രട്ടറി ജോസ് മാളിയേക്കൽ എന്നിവർക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.