നൈറ്റ് റൈഡേഴ്സ് ടാസ്ക് ഗാങ്ങിലെ രണ്ടുപേർ കൂടി എം.ഡി.എം.എയുമായി പിടിയിൽ
text_fieldsഅറസ്റ്റിലായ അലൻ, വിനോദ്
കൊച്ചി: അർധരാത്രി ന്യൂജനറേഷൻ ബൈക്കിൽ നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം എന്ന പേരിൽ കറങ്ങിയ ഗാങ്ങിലെ രണ്ടുപേർ കൂടി എം.ഡി.എം.എയുമായി എക്സൈസ് പിടിയിലായി. ആലുവ കടുങ്ങല്ലൂർ സ്വദേശി വെളുത്തേടത്ത് വീട്ടിൽ വിനോദ് (അപ്പൂജി- 37), പാലാരിവട്ടം തമ്മനം സ്വദേശി തിട്ടയിൽ വീട്ടിൽ അലൻ (26) എന്നിവരാണ് എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെയും എക്സൈസ് ഇന്റലിജൻസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരിൽനിന്ന് 6.2 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ഇവർ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. മയക്കുമരുന്ന് കേസുകളിൽ പ്രതികളായ ഇവർ ഇരുവരും ഒരുമിച്ച് പിടിയിലാകുന്നത് ഇത് ആദ്യമായാണ്.അർധരാത്രി നൈറ്റ് റൈഡേഴ്സ് ടാസ്ക് എന്ന പേരിൽ ബൈക്ക് റൈഡേഴ്സ് എന്ന വ്യാജേന മയക്കുമരുന്ന് വിൽപന നടത്തി വന്ന രണ്ടുപേരെ കുറിച്ചുള്ള എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട് നേരത്തേ തന്നെ ലഭിച്ചിരുന്നു.
മയക്കുമരുന്ന് കൈമാറി ശരവേഗത്തിൽ കുതിച്ച് പോകുന്നതായിരുന്നു ഇവരുടെ രീതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദിവസങ്ങളോളമായി ഇവരെ എക്സൈസ് സംഘം നിരീക്ഷിച്ച് വരുകയായിരുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം രാത്രി പന്ത്രണ്ടോടെ മയക്കുമരുന്ന് കൈമാറാൻ എത്തിയ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട ആളുകളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫിസർ എൻ.ജി. അജിത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എൻ.ഡി. ടോമി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

