മരുന്നു വാങ്ങാനെത്തിയ യുവാവിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ഹക്തർ, മുഹമ്മദ് ഇസ്മായിൽ
വർക്കല: മരുന്നു വാങ്ങാനെത്തിയ യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച രണ്ടംഗസംഘം അറസ്റ്റിലായി. വെട്ടൂർ അരിവാളം തുണ്ടിൽത്തൊടി വീട്ടിൽ ഹക്തർ (20), താഴെവെട്ടൂർ കുന്നിൽവീട്ടിൽ മുഹമ്മദ് ഇസ്മായിൽ (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
മേൽവെട്ടൂർ ജങ്ഷനിലെ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ ചെറുന്നിയൂർ വെന്നിക്കോട് ചരുവിള വീട്ടിൽ സൂരജിനെയാണ് അക്രമിസംഘം പ്രകോപനമൊന്നുമില്ലാത്തെ മർദിച്ച് പരിക്കേൽപിച്ചത്. ഇതിനെ ചോദ്യം ചെയ്ത വെട്ടൂർ സ്വദേശിയായ ജിതിനെയും സുഹൃത്തായ ഷെബിനെയും അക്രമികൾ ക്രൂരമായി മർദിച്ചു.
അഞ്ചുതെങ്ങ്, വർക്കല പൊലീസ് സ്റ്റേഷനുകളിൽ അടിപടി കേസുകളിൽ പ്രതികളാണ് ഹക്തറും ഇസ്മായിലുമെന്ന് പൊലീസ് പറഞ്ഞു.വർക്കല സി.ഐ ഗോപകുമാർ, എസ്.ഐമാരായ അജിത്കുമാർ, മനീഷ്, ഷംസുദ്ദീൻകുഞ്ഞ്, പൊലീസുകാരായ വിനീത്, വിജയൻ, അൻസർ, മുഹമ്മദ് ഷാ, ജസ്റ്റിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

