നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പചുമത്തി ജയിലിലടച്ചു
text_fieldsആലുവ: റൂറൽ ജില്ലയിൽ നിരന്തര കുറ്റവാളികളായെ രണ്ടുപേരെ കാപ്പ (സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ നിയമം) ചുമത്തി ജയിലിലടച്ചു. മലയാറ്റൂർ കാടപ്പാറ കൊമാട്ടിൽ വീട്ടിൽ അരുൺ (കുരുവി -26), വാഴക്കുളം ചേന്നാട്ട് വീട്ടിൽ സൻസൽ (കണ്ണൻ-21) എന്നിവരെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടി. കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കഠിന ദേഹോപദ്രവം ഉൾപ്പെടെ പത്തോളം കേസുകളിലെ പ്രതിയാണ് അരുൺ. വാഴക്കുളം, മൂവാറ്റുപുഴ, രാമപുരം സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ ഏഴ് കേസുകളിൽ പ്രതിയാണ് സൻസൽ.
കഴിഞ്ഞ ഒക്ടോബറിൽ രാമപുരം സ്റ്റേഷൻ പരിധിയിൽ വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാളെ കാപ്പചുമത്തി ജയിലിലടച്ചത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 66പേരെ കാപ്പചുമത്തി ജയിലിലടച്ചു. 42പേരെ നാടുകടത്തി. വരുംദിവസങ്ങളിലും നടപടി തുടരുമെന്ന് എസ്.പി. വിവേക് കുമാർ പറഞ്ഞു.

