Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ അറിയാതെ ബാർ ലൈസൻസ് നൽകി; എറണാകുളം, പത്തനംതിട്ട ഡെപ്യൂട്ടി കമീഷണർമാരെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
https://www.madhyamam.com/tags/m-liju
cancel

തിരുവനന്തപുരം: സർക്കാർ അറിയാതെ ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്​പെൻഷൻ. എറണാകുളം ഡെപ്യൂട്ടി കമീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമീഷണർ ഷിബു പി.എൽ. എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത്.

സംഭവത്തിൽ എക്സൈസ് മന്ത്രി എം. ലിജു കടുത്ത അതൃപ്‌തിയിലാണ്. മദ്യനയത്തിന് ശേഷം ബാർ ലൈസൻസ് അനുവദിച്ചാൽ മതിയെന്ന നിർദേശം കാറ്റിൽ പറത്തിയാണ്​ മൂന്നു ബാറുകൾക്ക് എക്​സൈസ്​ ഡെപ്യൂട്ടി കമീഷണർമാർ അനുമതി നൽകിയത്. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് അനുമതി നൽകിയത്.

സംഭവത്തിൽ എക്​സൈസ്​ കമീഷണറോട് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. എഫ്.എൽ 11 ലൈസൻസ് ഉണ്ടായിരുന്ന ബിയർ വൈൻ പാർലറുകൾക്കുള്ള ലൈസൻസ് പുതുക്കുന്നതിന്‍റെ മറവിലാണ് നടപടി. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുതിയ ബാറുകൾ അനുവദിക്കേണ്ടതില്ലെന്ന പൊതുതീരുമാനത്തിലാണ് സർക്കാർ.

ഇതിനിടെയാണ്​ മൂന്ന്​ ബിയർ-വൈൻ പാർലറുകൾക്ക്​ ലൈസൻസ്​ അനുവദിച്ചത്​. ഉദ്യോഗസ്ഥ തലത്തിൽ നിരന്തരമായുണ്ടാകുന്ന വീഴ്ചകളിൽ എക്​സൈസ്​ മന്ത്രി കടുത്ത അതൃപ്തിയിലാണ്​. ദിവസങ്ങൾക്ക്​ മുമ്പ്​ കഴിഞ്ഞ സർക്കാറിന്‍റെ ഉത്തരവിന്‍റെ മറപിടിച്ച്​ ബേക്കറിക്ക്​ ഹോർട്ടി വൈൻ വിൽപന അനുമതി നൽകിയതും മന്ത്രിയെ ചൊടിപ്പിച്ചിരുന്നു.

നവംബർ 30നകം യു.ഡി.എഫ്​ സർക്കാറിന്‍റെ മദ്യനയം കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതിനിടെയാണ്​ ബാറുകൾക്ക്​ അനുമതി നൽകിയ ഉദ്യോഗസ്ഥ നടപടി. മാനദണ്ഡ പ്രകാരമാണ്​ ബാർ ലൈസൻസ്​ അനുവദിച്ചതെന്നാണ്​ ഉദ്യോഗസ്ഥ വിശദീകരണം.

പക്ഷെ, സർക്കാർ അനുമതിയില്ലാതെ എങ്ങനെ തീരുമാനമെടുത്തെന്നാണ് മന്ത്രി ഉൾപ്പെടെ ചോദിക്കുന്നത്. നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്‍റെ മറുപടിയിലൂടെയാണ്​ സർക്കാർ ഈ വിഷയം അറിഞ്ഞതെന്ന് സൂചനയുണ്ട്.

എം. ലിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

2014 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഫൈവ് സ്റ്റാർ അല്ലെങ്കിൽ ഫൈവ് സ്റ്റാർ ഡീലക്സ് ക്ലാസിഫിക്കേഷൻ ഉള്ള ഹോട്ടലുകൾക്ക് മാത്രമായി ബാർ ലൈസൻസ് പരിമിതപ്പെടുത്തിയത്.

അതിനുമുൻപ് രണ്ട് സ്റ്റാറോ അതിൽക്കൂടുതലോ ക്ലാസിഫിക്കേഷൻ ഉണ്ടായിരുന്ന ഹോട്ടലുകൾക്ക് ഈ ലൈസൻസ് അനുവദിച്ചിരുന്നു. തുടർന്ന്, 2016 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 730 ബാറുകൾ 29 ലേക്ക് ചുരുങ്ങുകയുണ്ടായി.

എന്നാൽ, കൂടുതൽ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കുകയെന്ന ഉദ്ദേശ്യത്തോടെ 2017 ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരിക്കെ നിയമ ഭേദഗതി ചെയ്യുന്ന സ്ഥിതിയുണ്ടായി. ഫൈവ് സ്റ്റാർ എന്നിടത്തുനിന്ന്, ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകുന്ന തീരുമാനമാണ് ഇതുവഴിയുണ്ടായത്.

ഭേദഗതി ചെയ്ത വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ബാർ ലൈസൻസിനുള്ള അപേക്ഷകൾ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ തന്നെ നൽകിവരുന്ന സ്ഥിതിയുമുണ്ടായി.

ഇതുപ്രകാരം, ആദ്യ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ ബാർ ലൈസൻസ് നൽകിയത് 410 ഹോട്ടലുകൾക്കാണ്. ഇതേ നിയമഭേദഗതി ഉപയോഗിച്ചുകൊണ്ട് രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താവട്ടെ, 78 ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകുകയുമുണ്ടായി. ഇങ്ങനെ 488 ഹോട്ടലുകൾക്കാണ് ഇരു പിണറായി സർക്കാരുകളുടെയും കാലത്ത് ബാർ ലൈസൻസുകൾ നൽകിയത്.

എന്നാൽ, എൽ.ഡി.എഫ് സർക്കാർ പിന്തുടർന്നുപോന്ന നയമല്ല ഇനിമുതൽ എന്നതുകൊണ്ടുതന്നെ, പുതിയ മദ്യനയം വരുന്നതുവരെ ഒരു ബാറിന് പോലും ലൈസൻസ് നൽകേണ്ടതില്ലെന്ന ഉറച്ച തീരുമാനം യു.ഡി.എഫ് സർക്കാർ സ്വീകരിച്ചു.

കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷവും ടൂറിസം മേഖലയുമെല്ലാം പരിശോധിച്ചുകൊണ്ട് സമൂഹത്തിന് ഗുണകരമായ നിലയിലുള്ള മദ്യനയം വരുന്നതുവരെ ബാറുകൾക്ക് ലൈസൻസ് നൽകേണ്ടതില്ലെന്ന നിർദേശം എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു.

പക്ഷേ, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ, ഈ നിർദേശം ലംഘിച്ചുകൊണ്ട് എറണാകുളം ജില്ലയിൽ രണ്ട് ഹോട്ടലുകൾക്കും കോട്ടയം ജില്ലയിൽ ഒരു ഹോട്ടലിനും അതാത് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ ബാർ ലൈസൻസ് നൽകിയത് എന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി.

സർക്കാർ നയം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ അത് പാലിക്കാതെ, മുൻ സർക്കാരിന്റെ മദ്യനയത്തിലെ ചട്ട ഭേദഗതിപ്രകാരം ബാർ ലൈസൻസ് അനുവദിച്ചുനൽകിയ നടപടി അംഗീകരിക്കാൻ കഴിയുന്നതല്ല.

അതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറിൽ നിന്ന് അടിയന്തര റിപ്പോർട്ട്‌ തേടുകയും തുടർന്ന്, ബാർ ലൈസൻസ് അനുവദിച്ചുനൽകിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. തുടർന്നും സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തന്നെയുണ്ടാവും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story