വയനാട്ടിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ മുങ്ങിമരിച്ചു
text_fieldsഷഹദ ഫാത്തിമ
മാനന്തവാടി: വയനാട് ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ മുങ്ങിമരിച്ചു. വടകര സ്വദേശികളുടെ മകൻ സിദ്ധവ് ശരൺ (രണ്ടര) സ്വിമ്മിങ് പൂളിലും വയനാട്ടിലെ കോറോം മരച്ചുവട് സ്വദേശികളുടെ മകൾ ഷഹദ ഫാത്തിമ (രണ്ടര) കുളത്തിലുമാണ് മരിച്ചത്.
വടകര എസ്.എൻ കോളജ് ലാബ് ടെക്‌നീഷ്യൻ പുതുപ്പണം പാലയാട്‌നട ഗുരുമഹസിൽ ശരൺദാസിന്റെയും ഓർക്കാട്ടേരി ആശാ ഹെൽത്ത് സെന്റർ ജീവനക്കാരി നിബിനയുടെയും മകൻ സിദ്ധവ് ശരൺ തൊണ്ടര്‍നാട് കോറോം വയനാട് വില്ലേജ് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ് 11 പേരടങ്ങുന്ന കുടുംബം ഇവിടെ മുറിയെടുത്തത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പൂളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബന്ധുവിന്റെ മരണവീട്ടിൽ കുടുംബത്തോടൊപ്പം എത്തിയപ്പോഴാണ് കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതികളുടെ ഏക മകൾ ഷഹദ ഫാത്തിമ താമരക്കുളത്തിൽ വീണ് മരിച്ചത്. ഹാഷിമിന്റെ ബന്ധുവായ പനമരം ഹൈസ്കൂൾ റോഡിലെ പുതിയപുരയിൽ ഖാലിദ് ഞായറാഴ്‌ച മരിച്ചിരുന്നു. ഹാഷിമിന്റെ ഭാര്യയും മകളും ഖാലിദിന്റെ വീട്ടിലെത്തിയതായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഷഹദ ഫാത്തിമയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടയിലാണ് വീടിനോട് ചേർന്നുള്ള താമരക്കുളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

