പാലക്കാട് കല്ലട ബസ് മറിഞ്ഞ് രണ്ട് മരണം
text_fieldsമുഹമ്മദ് ഇഷാൻ
ശ്രീകൃഷ്ണപുരം (പാലക്കാട്): ദീർഘദൂര സർവിസ് നടത്തുന്ന കല്ലട ട്രാവൽസ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ചെന്നൈയിൽ നിന്ന് കോഴിക്കോടിന് പോവുകയായിരുന്ന ബസ് തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരായ പൊന്നാനി കൊല്ലംപടി സ്വദേശി അബ്ദുറഹീമിന്റെ ഭാര്യ സൈനബ ബീവി (38), വടകര ആയഞ്ചേരിക്കടുത്ത കാമിച്ചേരി കുരുട്ടിപ്രവൻ വീട്ടിൽ മൊയ്തുവിന്റെ മകൻ മുഹമ്മദ് ഇഷാൻ (18) എന്നിവരാണ് മരിച്ചത്. ഇരുവരും ബസിനടിയിൽ പെടുകയായിരുന്നു. അപകട സമയത്ത് ബസ് ജീവനക്കാരടക്കം 27 യാത്രക്കാർ ബസിലുണ്ടായിരുന്നു. മറ്റ് യാത്രക്കാർക്ക് പരിക്കുണ്ട്. ചെന്നൈ പോത്തൂർ എസ്.ആർ.എം കോളജ് ബി.ബി.എ വിദ്യാർഥിയായ ഇഷാൻ കോളജിൽ നിന്ന് നാട്ടിലേക്ക് വരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്.
ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഇറക്കം ഇറങ്ങുമ്പോൾ എതിരെ വന്ന ബസിന് അരിക് കൊടുക്കുന്നതിനിടെ റോഡിന് താഴെയുള്ള കുഴിയില്‍ ചാടി നിയന്ത്രണം നഷ്ടമായി റോഡിന് നടുവില്‍ തന്നെ മറിയുകയായിരുന്നു. അമിത വേഗതയും അപകടകാരണമായി പറയുന്നു. 38 പേരുമായി ചൊവ്വാഴ്ച രാത്രി 7.30 നാണ് ബസ് ചെന്നൈയിൽ നിന്നും പുറപ്പെട്ടത്. 11 പേർ പാലക്കാട് ഇറങ്ങി. നാട്ടുകാരുടെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ബസിന്റെ ചില്ലുകൾ തകർത്ത് മുഴുവൻ ആളുകളെയും നാട്ടുകാർ പെട്ടെന്ന് പുറത്തെടുത്തു. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, എൻഫോഴ്സ്മെന്റ്, മോട്ടോർ വെഹിക്കിൾ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി.
ഇഷാന്റെ മാതാവ്: ഹാജറ. സഹോദരങ്ങൾ: വഫ, പരേതനായ മുഹമ്മദ് ഹൈസാം. വളാഞ്ചേരി എടയൂർ മണ്ണത്ത് പറമ്പ് പരേതനായ വലിയാക്കത്തൊടി സൈതലവിക്കോയ തങ്ങളുടെ മകളാണ് സൈനബ ബീവി. മാതാവ്: പരേതയായ കുഞ്ഞിബീവി. മക്കൾ: നഫീസത്തുൽ മിസ്രിയ, ഫാത്തിമ ബതൂൽ. പരിക്കേറ്റവരില്‍ മുഹമ്മദ് മര്വാന് (27), റിന്‍ഷാന (36), സുഫൈദ് (18), ദിയ എം. നായര്‍ (18), ശിവാനി (18), നിഷാന്ത് (43), ജയചന്ദ്രന് (42) എന്നിവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ബിന്ദു (43), വൈശാഖ് (19), പൂജ (24), ശിഹാബ് (18), കണ്ണൂര്‍ സ്വദേശി ബല്‍റാം (18), നിലമ്പൂര്‍ സ്വദേശി ശ്രീകാന്ത് (26), ലോഗേഷ് (21), മുഹമ്മദ് അബ്ദുല്റഹ്മാന് (43), ബസ് ഡ്രൈവര്‍ സൈതാലി (42) എന്നിവരെ പാലക്കാട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചുപേര്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. മറ്റൊരു ഡ്രൈവര്‍ അണ്ണാമലൈ (32), ചെന്നൈ സ്വദേശി മൂര്‍ത്തി (49) എന്നിവരുടെ പരിക്ക് ഗുരുതരമായതിനാല്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

