ഹരിപ്പാട് ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചു; അണുബാധയെന്ന് സംശയം, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
text_fieldsഹരിപ്പാട് (ആലപ്പുഴ): ഹരിപ്പാട് ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചു. അണുബാധയേറ്റാണ് മരണം എന്നാണ് പരാതി. അണുബാധയേറ്റ ഒരാൾ ചികിത്സയിലാണ്. ഹരിപ്പാട് വെട്ടുവേനി ചക്കനാട്ട് രാമചന്ദ്രൻ (60), കായംകുളം പുളിമുക്ക് പുതുക്കാട്ട് തറയിൽ മജീദ് (52) എന്നിവരാണ് മരിച്ചത്. കാർത്തികപ്പള്ളി വെട്ടുവേനി ദേവകൃപയിൽ രാജേഷ് കുമാർ (60) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഡിസംബർ 29ന് തിങ്കളാഴ്ച ഇവർ ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായിരുന്നു. ഇതിൽ അണുബാധ ഉണ്ടായി എന്നാണ് പരാതി. ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഡയാലിസിസ് യൂണിറ്റ് 15 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. ഇവിടെ ഡയാലിസിസ് നടത്തിവന്ന 58 പേരെ മറ്റു സർക്കാർ ആശുപത്രികളിലേക്കു മാറ്റി. ഹരിപ്പാട്ടെ ജീവനക്കാരെയും അവിടങ്ങളിലേക്ക് താത്കാലികമായി മാറ്റി നിയമിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഡയാലിസിസിന് ഉപയോഗിച്ച വെള്ളത്തിൽ അണുബാധയുണ്ടായെന്നാണ് പരാതി. എന്നാൽ, ഇതടിസ്ഥാന രഹിതമാണെന്ന് ഡി.എം.ഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ വിദഗ്ധസംഘം പറയുന്നു. ഡി.എം.ഒ, ഡെപ്യൂട്ടി ഡി.എം.ഒ എന്നിവരുൾപ്പെടുന്ന 11അംഗ വിദഗ്ധസംഘം നാലര മണിക്കൂറോളം ഡയാലിസിസ് യൂണിറ്റിൽ പരിശോധന നടത്തി. വെള്ളത്തിന്റെ സാംപിളുകൾ പരിശോധിച്ചു. തിങ്കളാഴ്ചയ്ക്കുശേഷം ഇവിടെ 48 പേർക്ക് ഡയാലിസിസ് നടത്തിയിരുന്നു. ഇവരെയെല്ലാം ഫോണിൽ വിളിച്ച് ആരോഗ്യവിവരം തിരക്കി. ആർക്കും ശാരീരിക ബുദ്ധിമുട്ടുകളില്ലെന്നു സ്ഥിരീകരിച്ചു.
സെപ്റ്റംബർ 29-ന് ഡയാലിസിസ് ചെയ്ത രണ്ട് രോഗികളാണ് മരണപ്പെട്ടത്. അന്ന് 27ഡയാലിസിസ് നടന്നതായി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ പറഞ്ഞു. ഇവരുടെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ രക്തത്തിലെ കൗണ്ട് കൂടുതലായിരുന്നെന്നും അണുബാധ ഉണ്ടായിട്ടുണ്ടെന്നുമാണ് വ്യക്തമാകുന്നത്. ആശുപത്രിയിലെ മെഷീനുകളും വെള്ളവും മാസത്തിൽ ഒരിക്കൽ പരിശോധിക്കാറുള്ളതാണെന്നും ഇപ്പോൾ നടത്തിയ പരിശോധനയിലും അണുബാധ കണ്ടെത്തിയിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന ഈ ഡയാലിസിസ് യൂണിറ്റിൽ ഇതുവരെ ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാമചന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും ബന്ധുക്കൾ തയ്യാറായില്ല. രമേശ് ചെന്നിത്തല എം.എൽ.എ. ആരോഗ്യമന്ത്രിയെ വിവരമറിയിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധസംഘം ഇന്ന് ആശുപത്രിയിലെത്തും. ഇവർ വിശദപരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

