നെടുമങ്ങാട് രണ്ട് കുട്ടികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു; എത്തിയത് പിൻവശത്തെ മതിൽ ചാടിക്കടന്ന്
text_fieldsനെടുമങ്ങാട്: നീന്തൽകുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. നെടുമങ്ങാട് നഗരസഭയിലെ കുശർകോട് ഇരപ്പിൽ ഷിനിൽ ഭവനിൽ സുനീന്ദ്രൻ-ഷീജ ദമ്പതികളുടെ മകൻ ഷിനിൽ (13), കുശർകോട് വടക്കുംകര വീട്ടിൽ ബിജു-രാജി ദമ്പതികളുടെ ഏക മകൻ ആരോമൽ (15) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വേങ്കവിളയിലെ ആനാട് പഞ്ചായത്തിനു കീഴിലെ നീന്തൽകുളത്തിലാണ് അപകടം. ഇവിടെ രാവിലെയും വൈകീട്ടുമാണ് നീന്തൽ പരിശീലനം. മറ്റ് സമയങ്ങളിൽ കുളത്തിലേക്കുള്ള ഗേറ്റ് പൂട്ടിയിടും. പൂട്ടിയിട്ട സമയത്ത് പിൻവശത്തെ മതിൽ ചാടിക്കടന്നാണ് ഏഴ് കുട്ടികൾ നീന്തൽകുളത്തിലെത്തിയത്.
കുളിക്കുന്നതിനിടെ ആഴമേറിയ ഭാഗത്ത് രണ്ടുപേർ മുങ്ങിപ്പോയി. മറ്റു കുട്ടികളുടെ ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി ഗേറ്റിന്റെ പൂട്ട് തകർത്ത് കുളത്തിലിറങ്ങി കുട്ടികളെ കരക്കെടുത്ത് നെടുമങ്ങാട് ഫയർഫോഴ്സിന്‍റെ സഹായത്തോടെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നെടുമങ്ങാട് മഞ്ച ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ആരോമൽ. ഷിനിൽ എട്ടാം ക്ലാസിലാണ്. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

