ഇരിട്ടിയിൽ വൻ എം.ഡി.എം.എ വേട്ട; രണ്ടുപേർ അറസ്റ്റിൽ
text_fieldsഎം.ഡി.എം.എയുമായി പിടിയിലായ മുഹമ്മദ് അമീർ, സൽമ ഖാത്തൂൻ
ഇരിട്ടി (കണ്ണൂർ): ഇരിട്ടിയിൽ വൻ മയക്കുമരുന്നു വേട്ട. ബംഗളൂരുവിൽനിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പൊലീസും ചേർന്ന് പിടികൂടി. ബംഗാൾ സ്വദേശിനി ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തു. കടത്താനുപയോഗിച്ച കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ ഖാത്തൂൻ (30) എന്നിവരാണ് പിടിയിലായത്.
കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലാകുന്നത്. പൊലീസ് കണ്ണൂർ റൂറൽ ജില്ലയിൽ നടത്തിവരുന്ന സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജില്ലയിലെ പ്രധാന മയക്കുമരുന്ന് കടത്തു സംഘത്തിൽപ്പെട്ട ഇരുവരും പിടിയിലാകുന്നത്. പ്രതികൾ പയ്യാമ്പലത്ത് ഫ്ലാറ്റിൽ ദമ്പതികളെന്ന വ്യാജേന താമസിച്ചുവരുകയാണ്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും കോഴിക്കോട്ടും ഉൾപ്പെടെ ഇരുവരും മയക്കുമരുന്ന് വിൽപന നടത്തിവരുകയായിരുന്നു. ഇവരെക്കുറിച്ച് നേരത്തെതന്നെ എസ്.പിയുടെ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു.
ആറുമാസമായി ഇരുവരും നിരീക്ഷണത്തിലായിരുന്നെങ്കിലും മൊബൈൽ ഫോൺ ഓഫാക്കിയായിരുന്നു ഇവരുടെ യാത്ര. ഇരുവർക്കുമായി പല റൂട്ടുകളിലും പൊലീസ് വലവിരിച്ചെങ്കിലും നീക്കം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിൽനിന്ന് എം.ഡി.എം.എയുമായി വരുന്ന വഴി മൊബൈൽ ഫോൺ ഓണാക്കിയതോടെയാണ് പ്രത്യേക സംഘത്തിന്റെ വലയിലാകുന്നത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

