പാൽ കുടിച്ചശേഷം കുട്ടി ഉണർന്നില്ലെന്ന്, അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു; യുവതിയും ആൺസുഹൃത്തും പിടിയിൽ
text_fieldsകൊച്ചി: കഴിഞ്ഞ ഞായറാഴ്ച കലൂർ കറുകപ്പിള്ളിയിലെ ലോഡ്ജിൽ വെച്ച് മരണപ്പെട്ട ഒരുമാസം പ്രായമുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തും മുമ്പ് ക്രൂരപീഡനത്തിന് ഇരയാക്കിയതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. തല കാൽമുട്ടിലടിച്ചാണ് കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പിക്കാൻ കുഞ്ഞിന്റെ ദേഹത്ത് കടിച്ചുനോക്കിയതായും പൊലീസ് പറഞ്ഞു.
സംഭവത്തിൽ പിടിയിലായ കുഞ്ഞിന്റെ മാതാവ് ആലപ്പുഴ ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി (25), ആൺസുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി. ഷാനിഫ്(25) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഇവർക്ക് ഒരുമിച്ച് ജീവിക്കാൻ കുഞ്ഞ് തടസ്സമാകുമെന്ന് കണ്ടാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഈ ലക്ഷ്യത്തോടെ ഷാനിഫ് കുഞ്ഞിനെ ക്രൂരമായ പീഡനത്തിനിരയാക്കി.
അശ്വതിയുടെ മുൻ ബന്ധത്തിലുള്ളതാണ് കുഞ്ഞ്. തുടക്കത്തിൽ, കുഞ്ഞിന്റെ മരണത്തിൽ ബന്ധമില്ലെന്ന് പറഞ്ഞ് ഇരുവരും പരസ്പരവിരുദ്ധ മൊഴികൾ നൽകിയെങ്കിലും ഷാനിഫ് കുറ്റം സമ്മതിച്ചതോടെ അശ്വതിയും കുറ്റമേറ്റു. ഞായറാഴ്ച പുലർച്ച കുഞ്ഞുമായി ജനറൽ ആശുപത്രിയിലെത്തുകയായിരുന്നു. പാൽ കുടിച്ചശേഷം കുട്ടി ഉറങ്ങിയെന്നും പിന്നീട് ഉണർന്നില്ലെന്നുമായിരുന്നു വിശദീകരണം. പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും ദേഹത്ത് പരിക്കുകൾ കാണുകയും ചെയ്തതോടെ ഡ്യൂട്ടി ഡോക്ടർ പൊലീസിനെ അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ച പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമെന്ന് വ്യക്തമായത്. തലയിൽ ഉൾപ്പെടെ ഗുരുതര മുറിവുള്ളതായും കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതിയുടെ അറിവോടെ ഷാനിഫ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

