മാരക മയക്കുമരുന്നുമായി ഗുണ്ടയും സുഹൃത്തും അറസ്റ്റിൽ
text_fieldsമയക്കുമരുന്നുമായി പിടിയിലായ കലം അനിയും ഷംനയും
കായംകുളം: മാരക മയക്കുമരുന്നുമായി കുപ്രസിദ്ധ ഗുണ്ടയും പെൺ സുഹൃത്തും അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരി തെക്കതിൽ വീട്ടിൽ കലം അനിയും (മുഹമ്മദ് കുഞ്ഞ് -31), സുഹൃത്ത് കൃഷ്ണപുരം കാപ്പിൽ മേക്ക് തെക്കടത്ത് കിഴക്കതിൽ ഷംനയുമാണ് (30) പൊലീസ് പിടിയിലായത്. ഞായറാഴ്ച ഉച്ചക്ക് 2.45 മണിയോടെ കൃഷ്ണപുരം മേനാത്തേരി ക്ഷേത്രത്തിന് തെക്ക് വശത്ത് വെച്ചാണ് 3.01 ഗ്രാം എം.ഡി.എം.എയുമായി ഇവർ പിടിയിലായത്.
അനിയിൽ നിന്ന് 1.13 ഗ്രാമും ഷംനയിൽ നിന്ന് 1.02 ഗ്രാമും ഇവർ സഞ്ചരിച്ച കാറിൽ നിന്ന് 0.86 ഗ്രാമും എം.ഡി.എം.എയാണ് കണ്ടെടുത്തത്. ഇരുവരും മയക്കുമരുന്ന് വിതരണം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു.
ഡാൻസാഫ് ടീമംഗങ്ങളായ എസ്.ഐ. സന്തോഷ്, എസ്.ഐ. ഇല്യാസ്, പൊലീസ് ഉദ്യോഗസ്ഥരായ ഷാഫി, ഹരികൃഷ്ണൻ, അനസ്, രതീഷ്, റസീന എന്നിവരും കായംകുളം പൊലീസ് സ്റ്റേഷൻ എസ്.ഐ. ഉദയകുമാർ വി , എ.എസ്.ഐ. ഉദയകുമാർ .ആർ, പോലീസുകാരായ അരുൺ, റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

