അരീക്കോട് കൂട്ടബലാത്സംഗം: രണ്ട് പ്രതികൾ അറസ്റ്റിൽ
text_fieldsഅരീക്കോട്: മാനസിക രോഗമുള്ള യുവതിയെ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങണചാലിൽ വീട്ടിൽ മുഹമ്മദ് പറമ്പാടൻ (43), മേലെ തൊടിയിൽ വീട്ടിൽ പൂന്തല ഷമീർ (42) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
കൂട്ടബലാത്സംഗക്കേസിൽ അരിക്കോട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം. നമ്പർ 29/2025, 30/2025 കേസുകളിൽ പ്രതികളായ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മഞ്ചേരി കോടതി മുമ്പാകെ ഹാജരാക്കി. പ്രതികളെ ഫെബ്രുവരി ഏഴുവരെ റിമാൻഡ് ചെയ്തു.
യുവതിയെ കുട്ടബലാത്സംഗത്തിനിരയാക്കിയതിന് അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടുപേർക്കെതിരെയാണ് പരാതി. സംഭവത്തിൽ മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കി യുവതിയുടെ 15 പവൻ ഇവർ കവർന്നതായും പരാതിയുണ്ട്. മുഖ്യപ്രതി യുവതിയെ പലർക്കായി കൈമാറിയെന്നാണ് പരാതിയിലുള്ളത്. കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മാനസിക വെല്ലുവിളി തിരിച്ചറിഞ്ഞാണ് യുവതിയെ പ്രതികൾ ചൂഷണം ചെയ്തതെന്ന് കുടുംബം പറയുന്നു. എതിർക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാമായിരുന്നുവെന്നും പരാതി പിൻവലിക്കണമെന്ന് പ്രതികൾ പല തവണ ആവശ്യപ്പെട്ടുവെന്നും കുടുംബം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

