പിതാവ് പിന്നോട്ടെടുത്ത ഓട്ടോക്ക് അടിയിൽപെട്ട് കുഞ്ഞ് മരിച്ചു
text_fieldsകട്ടപ്പന: പിതാവ് ഓട്ടോറിക്ഷ പിന്നോട്ടെടുക്കുന്നതിനിടെ ഓട്ടോക്ക് അടിയിൽപെട്ട് രണ്ടരവയസ്സുകാരിയായ മകൾക്ക് ദാരുണാന്ത്യം. കട്ടപ്പന വെള്ളിലാംകണ്ടം തുരുത്തിക്കാട്ട് സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ ഏക മകൾ ഹൃതികയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട കുട്ടിയുമായി കട്ടപ്പനയിലെ ആശുപത്രിയിലേക്കുപോയ വാഹനം ലബ്ബക്കടയിൽവെച്ച് നിയന്ത്രണംവിട്ട് മതിലിലിടിച്ചു. കാഞ്ചിയാർ വെള്ളിലാംകണ്ടം അപ്പാപ്പൻ പടിക്ക് സമീപം തിങ്കളാഴ്ച രാവിലെയാണ് അപകടം.
ഓട്ടോ ഡ്രൈവറായ സജേഷ് പുറത്തുപോകാൻ പിന്നോട്ടെടുക്കുന്നതിനിടെ വീടിനകത്തുനിന്ന കുട്ടി പെട്ടെന്ന് മുറ്റത്തേക്ക് ഇറങ്ങുകയും അബദ്ധത്തിൽ വാഹനത്തിനടിയിൽപ്പെടുകയുമായിരുന്നു. കരച്ചിൽകേട്ട് സജേഷ് ഓട്ടോ നിർത്തി പുറത്തിറങ്ങി നോക്കുമ്പോഴാണ് കുഞ്ഞിനെ കണ്ടത്.
ഉടൻ പിതാവ് കുഞ്ഞിനെയുംകൊണ്ട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. തുടർന്ന് മറ്റൊരുകാറിൽ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. കട്ടപ്പന പൊലീസ് കേസെടുത്തു.

