രാജ്യറാണിക്കും കോട്ടയം എക്സ്പ്രസിനും രണ്ടു വീതം അധിക കോച്ച്; നിലമ്പൂർ റെയിൽവേ അടിപ്പാത ഓണത്തിനുമുമ്പ് തുറക്കും
text_fieldsപാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദിയും സംഘവും നിലമ്പൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്നു
നിലമ്പൂർ: ഓണസമ്മാനമായ രാജ്യറാണിക്കും കോട്ടയം എക്സ്പ്രസിനും എ.സി കോച്ചുകൾ ഉൾപ്പെടെ രണ്ടു വീതം അധിക കോച്ചുകൾ അനുവദിക്കുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദി. നിലമ്പൂരിൽ പുരോഗമിക്കുന്ന അമൃത് സ്റ്റേഷൻ പ്രവൃത്തി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
രാജ്യറാണി എക്സ്പ്രസിന് ഒരു എ.സി ത്രീ ടയര്‍, ഒരു ജനറല്‍ കോച്ചുകളാണ് വര്‍ധിപ്പിക്കുക. കോട്ടയം എക്സ്പ്രസിന് ഒരു എ.സി കോച്ചും ഒരു നോണ്‍ എ.സി കോച്ചും അധികം അനുവദിക്കും. ഓണത്തിനുമുമ്പായി കോച്ചുകളുടെ വർധനയുണ്ടാവും. കോട്ടയം എക്സ്പ്രസ് കൊല്ലം വരെ നീട്ടും. എറണാകുളത്തുനിന്ന് നിലമ്പൂരിലേക്ക് ട്രയൽ റൺ നടത്തിയ മെമുവും കോയമ്പത്തൂരിൽനിന്നുള്ള മെമുവും നിലമ്പൂരിലേക്ക് നീട്ടുന്നതിന് ചെന്നൈയിൽനിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.
നിലമ്പൂര്‍ റെയില്‍വേ അടിപ്പാത ഓണത്തിനുമുമ്പ് തുറക്കും. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അമൃത് സ്റ്റേഷന് പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കും. മേലാറ്റൂര്‍, കുലുക്കല്ലൂര്‍ ക്രോസിങ് സ്റ്റേഷനുകളുടെ പ്രവൃത്തി ഈ വര്‍ഷം പൂര്‍ത്തീകരിക്കും. അടിപ്പാത പ്രവൃത്തിയുടെ പുരോഗതിയും അദ്ദേഹം നേരിൽകണ്ട് വിലയിരുത്തി.
അടിപ്പാത കഴിഞ്ഞ ദിവസം ഭാഗികമായി തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തുടർപ്രവൃത്തികൾക്ക് തടസ്സമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം മാറ്റിവെക്കേണ്ടിവന്നതെന്ന് അരുൺകുമാർ ചതുർവേദിയുടെ കൂടെയുണ്ടായിരുന്ന കെ-റെയില്‍ ഡെപ്യൂട്ടി മാനേജര്‍ ഹരിദാസന് അറിയിച്ചു.
പി.വി. അബ്ദുല്‍ വഹാബ് എം.പി, ആര്യാടന് ഷൗക്കത്ത് എം.എല്‍.എ, നിലമ്പൂർ-മൈസൂരു ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഡോ. ബിജു നൈനാന്, ജോഷ്വാ കോശി, അനസ് യൂനിയന്‍ തുടങ്ങിയവരുമായി അരുൺകുമാർ ചതുർവേദി ചര്‍ച്ച നടത്തി. വ്യാഴാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഘം നിലമ്പൂർ സ്റ്റേഷനിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

