യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിലായിരുന്ന രണ്ടുപേർ പിടിയിൽ
text_fieldsഅഖിൽ റോയി, ചെല്ലമുത്തു
പാലാ: യുവാവിനെ ആക്രമിച്ച് പണവും മൊബൈൽഫോണും കവർന്ന കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. കിടങ്ങൂർ കീച്ചേരിക്കുന്ന് പള്ളിക്കര വീട്ടിൽ അഖിൽ റോയി (30), തമിഴ്നാട് സ്വദേശി ചെല്ലമുത്തു (24) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരും കിടങ്ങൂർ സ്വദേശിയായ സനിൽ സണ്ണിയും ചേർന്ന് പാലാ ടൗൺ ഭാഗത്ത് വെച്ച് കോട്ടയം സ്വദേശിയായ യുവാവിനെ ബിയർ കുപ്പികൊണ്ട് ആക്രമിച്ച് കൈയിലുണ്ടായിരുന്ന പണവും മൊബൈൽഫോണും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുത്ത് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ സനിൽ സണ്ണിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയിരുന്നു. ഒളിവിൽപോയ മറ്റ് പ്രതികളെ പിടികൂടുന്നതിന് തിരച്ചിൽ ശക്തമാക്കിയതിനൊടുവില് അഖിൽ റോയിയെയും ചെല്ലമുത്തുവിനെയും തമിഴ്നാട്ടിൽനിന്നും അന്വേഷണസംഘം പിടികൂടുകയായിരുന്നു.
പാലാ എസ്.എച്ച്.ഒ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ സുഭാഷ് വാസു, സി.പി.ഒമാരായ അരുൺകുമാർ, രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.

