ആരോപണത്തിൽ ട്വിസ്റ്റ്; പ്രിൻസിപ്പൽ മദ്യപിച്ചില്ലെന്ന് പരിശോധന ഫലം
text_fieldsസുൽത്താൻ ബത്തേരി: വയനാട് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്രക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞു. പ്രിൻസിപ്പലിന്റെ രക്തപരിശോധന ഫലം നെഗറ്റീവാണ്.
പരിശോധന ഫലം വെള്ളിയാഴ്ച പുറത്തുവന്നു. വ്യാഴാഴ്ചയാണ് പ്രിൻസിപ്പലിന്റെ രക്തം പരിശോധനക്കായി എടുത്തത്. ഹൈദരാബാദിൽ വിനോദയാത്രപോയി തിരിച്ചുവരവേ പി.ടി.എ പ്രസിഡന്റും പ്രിൻസിപ്പലും മദ്യപിച്ചെന്ന ആരോപണമാണ് വ്യാഴാഴ്ച ചില വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിച്ചത്. സ്കൂളിലെത്തിയ പ്രിൻസിപ്പലിനെ രക്ഷിതാക്കൾ ഗേറ്റിൽ തടയുന്ന സാഹചര്യവുമുണ്ടായി. തുടർന്നാണ് അദ്ദേഹത്തിന്റെ രക്തം പരിശോധനക്കായി എടുത്തത്.
തിരികെ വരുമ്പോൾ, പി.ടി.എ പ്രസിഡന്റിനെ മദ്യം മണക്കുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടു. തുടർന്ന് അദ്ദേഹത്തെ വഴിയിൽ ഇറക്കിവിട്ടതായും പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പറയുകയുണ്ടായി. വിദ്യാർഥികൾ ബസിൽ പ്രതിഷേധിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം വലിയ വിവാദമായത്. അതേസമയം, പ്രിൻസിപ്പൽ മദ്യപിച്ചിരുന്നതായി തങ്ങൾ പറഞ്ഞിട്ടില്ലെന്ന് ഏതാനും വിദ്യാർഥികൾ വെള്ളിയാഴ്ച വ്യക്തമാക്കുകയുണ്ടായി.
സത്യം ജയിക്കും എന്നതിന്റെ ഉദാഹരണമാണ് പരിശോധന ഫലമെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പറഞ്ഞു. പരിശോധന ഫലം പുറത്തുവന്നതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സങ്കുചിത താൽപര്യത്തിന്റെ പേരിൽ മാനസികമായി തകർക്കാം എന്നതിന്റെ ഉദാഹരണമാണ് താൻ. കുട്ടികൾ വിഡിയോ ഇട്ടത് പക്വതകുറവിന്റെ ഭാഗമാണ്. ഇന്നലെ വന്നതിൽ ഒരാൾ ഒഴികെ ആരും രക്ഷിതാവ് അല്ല. രാഷ്ട്രീയ പ്രവർത്തകൻ ആണ് മൂത്രം പരിശോധിക്കണമെന്ന് പറഞ്ഞത്. കുട്ടികൾ വളരെ പ്രയാസത്തിലാണ്. പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഉണ്ടായത്. നിയമപരമായ നടപടി ആലോചിക്കുമെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

