യുവതിയും യുവാവും മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞല്ല; അന്വേഷണത്തിൽ ട്വിസ്റ്റ്, പേടിച്ചിട്ടാണ് വാഹനം നിർത്താതെ പോയതെന്ന് കാർഡ്രൈവർ
text_fieldsതിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ചത് കാർ ഇടിച്ചാണെന്ന് കണ്ടെത്തൽ. എറണാകുളം സ്വദേശി നവീന്‍ സിബി (25), സുഹൃത്ത് തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ (25) എന്നിവരുടെ മരണത്തിലാണ് പൊലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
നേരത്തെ, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് ഇരുവരും മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ, കാർ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു എന്നാണ് സി.സി.ടി.വികൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്. അപകടശേഷം പേടിച്ചിട്ടാണ് വാഹനം നിർത്താതെ പോയതെന്ന് കാർഡ്രൈവർ മലയൻ കീഴ് സ്വദേശി വിഷ്ണു പൊലീസിന് മൊഴി നൽകി. ഇയാൾ ഓടിച്ച കാര്‍ ബൈക്കിന് പിന്നിലിടിച്ചതാണ് അപകടത്തിന് കാരണമായത്.
ഐ ടി ജീവനക്കാരാണ് മരിച്ച നവീനും മൃദുലയും. ഇന്നലെ നവീന്റെ ജന്മദിനമായിരുന്നു. അത് ആഘോഷിക്കാനായി തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. ബൈക്കിന് പിന്നിലിരുന്ന മൃദുല മീറ്ററുകളോളം ദൂരേയ്ക്ക് തെറിച്ചു വീണ് തലയിടിക്കുകയായിരുന്നു. പൊലീസിന് തോന്നിയ സംശയമാണ് സംഭവത്തില്‍ നിര്‍ണായകമായത്. കാറ്റ് പിടിച്ചു അപകടം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് പൊലീസ് വിലയിരുത്തി. തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്കിന് പിന്നില്‍ ഒരു കാര്‍ പോകുന്നത് കണ്ടെത്തി. വിഷ്ണു ഓടിച്ചിരുന്ന കാർ ബൈക്കിന്റെ ഹാൻഡിലിൽ തട്ടിയതാണ് അപകടകാരണം.
തുടര്‍ന്ന് രാത്രി തന്നെ കാറുടമ മലയിന്‍കീഴ് സ്വദേശി വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് സംഘമെത്തി. വീടിന് മുന്നിലുണ്ടായിരുന്ന കാറില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകളും പൊലീസ് കണ്ടെത്തി. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍, അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച കാര്യം സമ്മതിച്ചു. അപകടമുണ്ടായശേഷം കാര്‍ നിര്‍ത്താതെ പോയെന്നും പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ നവീനും മൃദുലയും തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. പിടിയിലായ വിഷ്ണുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മനപ്പൂർവ്വം ഉണ്ടാക്കിയ അപകടമല്ല എന്ന് പൊലീസ് പറഞ്ഞു.
നവീന്‍ ടെക്‌നോപാര്‍ക്ക് ഐടി കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനിയറും മൃദുല കിന്‍ഫ്രയിൽ ഐടി ജീവനക്കാരിയുമാണ്. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. മൃദുല അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു, നവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഠനകാലം മുതൽ ഇവർ സുഹൃത്തുക്കളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

