‘കെ.സി നയിക്കട്ടെ’ ബോർഡിൽ ട്വിസ്റ്റ്; വെച്ചത് സി.പി.എമ്മുകാരൻ; സി.സി.ടി.വി ചതിച്ചാശാനേ!
text_fieldsവാടാനപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നിൽ സ്ഥാപിക്കാൻ ‘കെ.സി നയിക്കട്ടെ’ ബോർഡുമായി പോകുന്ന സി.പി.എം പ്രവർത്തകൻ അരവശ്ശേരി മുഹമ്മദ് (സി.സി.ടി.വി ദൃശ്യം). ഉൾച്ചിത്രത്തിൽ മുഹമ്മദ് സ്ഥാപിച്ച ബോർഡ്
തൃശൂർ: മുഖ്യമന്ത്രി തർക്കത്തിനിടെ തൃശ്ശൂരിൽ കെ.സി. വേണുഗോപാൽ അനുകൂല ഫ്ലക്സ് വെച്ചതിൽ ട്വിസ്റ്റ്. ‘കെ.സി നയിക്കട്ടെ’ എന്ന പേരിൽ വാടാനപ്പള്ളിയിൽ ബോർഡ് സ്ഥാപിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. സി.പി.എം പ്രവർത്തകൻ അരവശ്ശേരി മുഹമ്മദാണ് ബോർഡ് തലയിലേറ്റി സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങളിലുള്ളത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘കെ.സി നയിക്കട്ടെ’ എന്നായിരുന്നു വേണുഗോപാലിന്റെ ഫോട്ടോ വെച്ചുകൊണ്ടുള്ള ബോർഡിലുള്ളത്. ‘സേവ് കോൺഗ്രസ്’ എന്നും താഴെ എഴുതിയിട്ടുണ്ടായിരുന്നു.
പഞ്ചായത്ത് ഓഫിസിന് മുന്നിൽ ആരാണ് ഇങ്ങനെ ഒരു ഫ്ലക്സ് വെച്ചതെന്ന കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ അന്വേഷണമാണ് കള്ളിപൊളിച്ചത്. സമീപത്തെ സിസിടിവി കാമറകൾ കോൺഗ്രസുകാർ പരിശോധിക്കാൻ തുടങ്ങി. അപ്പോഴാണ് ഫ്ലക്സ് ബോർഡുമായി റോഡ് കുറുകെ കടന്ന് സിപിഎം പ്രവർത്തകൻ അരവശ്ശേരി മുഹമ്മദ് വരുന്ന ദൃശ്യം ലഭിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂരിൽ സി രവീന്ദ്രനാഥിന് വേണ്ടി സജീവ പ്രചരണത്തിന് ഇറങ്ങിയ ആളാണ് ഇദ്ദേഹം. സ്വന്തം കാറിൽ രവീന്ദ്രനാഥിനെറ ചിത്രം പതിച്ചായിരുന്നു പ്രചാരണം. ഇദ്ദേഹത്തിന്റെ ഭാര്യ സി.പി.എം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും പട്ടലങ്ങാടി ബ്ലോക്ക് മെമ്പറുമാണ്.
പ്രവർത്തകർക്കിടയിൽ ഭിന്നത വളർത്താനുള്ള ആസൂത്രിത നീക്കമാണ് ബോർഡ് സ്ഥാപിച്ചതിന് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്ന് വൈകിട്ട് പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

