ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
text_fieldsചിറ്റൂർ: കാണാതായ ഇരട്ട സഹോദരങ്ങളെ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ കാവിന് സമീപം ചാമപറമ്പ് വാണിയത്തറ ദേവി നിവാസിൽ കാശി വിശ്വനാഥന്റെ മക്കളും ഇരട്ട സഹോദരൻമാരുമായ രാമൻ, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഇരുവർക്ക് 14 വയസ്സാണ്. ചിറ്റൂർ ഗവ. ബോയ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്.
ശനിയാഴ്ച വൈകുന്നേരം ഏഴ് മുതൽ കുട്ടികളെ കാണാതായിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്ന് രാവിലെ ലക്ഷ്മണന്റെ മൃതദേഹം വീടിന് സമീപത്തെ വടക്കത്തറയിലെ ലൂങ്കേശ്വരം ശിവക്ഷേത്രകുളമായ പെരുംകുളത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ രാമന്‍റെ മൃതദേഹവും കണ്ടെത്തി.
ശനിയാഴ്ച വൈകുന്നേരം ഇലക്ട്രിക് സ്കൂട്ടറിൽ സമീപത്തെ ശിവക്ഷേത്രത്തിലെത്തിയ കുട്ടികൾ ക്ഷേത്രദർശനത്തിനുശേഷം ആറുമണിയോടെ കുളത്തിലേക്ക് ഇറങ്ങിയതാകാമെന്നാണ് കരുതുന്നത്. ഇവരുടെ സ്കൂട്ടർ ഇന്ന് രാവിലെയാണ് കുളക്കരയിൽ കണ്ടത്. തുടർന്നാണ് ഇവിടെ തിരച്ചിൽ നടത്തിയത്.
കുളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയതാവാം എന്നാണ് കരുതുന്നത്. ഇരുവർക്കും നീന്തൽ വശമില്ല. ഇന്നലെ പൊലീസും നാട്ടുകാരും കുട്ടികളെ കാണാനില്ല എന്ന വിവരത്തെ തുടർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്തിരുന്നില്ല. കുളത്തിന് സമീപത്ത് താമസിക്കുന്ന സ്ത്രീയാണ് സഹോദരങ്ങളിൽ ഒരാളായ ലക്ഷ്മണന്റെ മൃതദേഹം കണ്ടത്. തുടർന്ന് അവർ വിവരമറിയിച്ച തുടർന്ന് നാട്ടുകാരും പോലീസും ഫയർഫോഴ്സും എത്തി പരിശോധന നടത്തുകയായിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
ജ്യോതിയാണ് മാതാവ്. പ്ലസ് ടു വിദ്യാർത്ഥിയായ ദേവി സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

