താൻ ഡ്യൂട്ടി ചെയ്യുന്നു; വിമർശനങ്ങളോട് പ്രതികരിക്കാനില്ല -ടി.വി അനുപമ
text_fieldsതൃശൂർ: പിണറായിയുടെ ദാസ്യപ്പണി ചെയ്യുകയാണെന്ന ബി.ജെ.പിയുടെ വിമർശനത്തോട് പ്രതികരിക്കാനില്ലെന്ന് ജില്ലാ കലക്ട ർ ടി.വി അനുപമ ഐ.എ.എസ്. താൻ ജോലി മാത്രമാണ് ചെയ്യുന്നതെന്നും ടി.വി അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ ്രചാരണത്തിന് ശബരിമല അയ്യപ്പന്‍റെ പേരുപയോഗിച്ചതിന് സുരേഷ് ഗോപിയോട് വിശദീകരണം തേടിയ ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ ആയ ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ രംഗത്തു വന്നിരുന്നു. ജില്ലാ കലക്ടർ ടി.വി അനുപമ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദാസ്യപ്പണി നടത്തുന്നുവെന്നായിരുന്നു ആരോപണം.
കലക്ടറുടെ നടപടി അസംബന്ധവും വിവരക്കേടുമാണ്. എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രസംഗം കലക്ടർ മനസിലാക്കിയിട്ടില്ല. പെരുമാറ്റച്ചട്ടം എന്താണെന്ന് കലക്ടർ പഠിക്കണം. പ്രശസ്തി നേടാനുള്ള ശ്രമമാണ് കലക്ടർ നടത്തുന്നത്. വനിതാ മതിലിൽ പങ്കെടുത്ത ആളാണ് കലക്ടറെന്നും ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച തൃശൂരിൽ റോഡ് ഷോക്ക് ശേഷം തേക്കിൻകാട് മൈതാനിയിൽ നടന്ന കൺവെൻഷനിലാണ് എൻ.ഡി.എ സ്ഥാനാർഥിയായ സുരേഷ് ഗോപി പെരുമാറ്റച്ചട്ടലംഘനം നടത്തിയത്. ശബരിമലയുടെ പശ്ചാത്തലത്തിലാണ് താൻ വോട്ട് അപേക്ഷിച്ചു കൊണ്ടിരിക്കുന്നത്. എന്‍റെ അയ്യൻ, നമ്മുടെ അയ്യൻ, ആ അയ്യൻ എന്‍റെ വികാരമാണെങ്കിൽ ഈ കിരാത സർക്കാറിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ ഭാരതത്തിൽ മുഴുവൻ ഭക്തർ അലയടിപ്പിച്ചിരിക്കും -എന്നാണ് സുരേഷ് ഗോപി പ്രസംഗിച്ചത്.
