പാതിരാവിൽ വാഹനങ്ങളെ കടത്തി വിടാൻ ഗതാഗതം നിയന്ത്രിച്ച് കലക്ടർ
text_fieldsതൃശൂർ: പാലിയേക്കരയില്‍ കിലോമീറ്റര്‍ നീണ്ട ഗതാഗത കുരുക്കുണ്ടാക്കിയ ടോള്‍പ്ലാസ അധികൃതര്‍ക്ക് കലക്ടറുടെ താക് കീത്. ടോള്‍പ്ലാസയിലെ വാഹനക്കുരുക്കില്‍ അകപ്പെട്ട കലക്ടര്‍ ടി.വി. അനുപമ ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തി വിട്ടു. പാലിയേക്കര ടോള്‍പ്ലാസ ജീവനക്കാരേയും സുരക്ഷ പൊലീസിനേയും രൂക്ഷമായി ശാസിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 11.30 ഓടെയിരുന്നു സംഭവം.
തിരുവനന്തപുരത്തു നിന്ന് ജില്ല കലക്ടര്‍മാരുടെ യോഗം കഴിഞ്ഞുവരികയായിരുന്നു അനുപമ. ഈ സമയം ടോള്‍പ്ലാസയ്ക്ക് ഇരുവശത്തും ഒന്നര കിലോമീറ്റർ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ദേശീയപാതയിലെ വാഹനത്തിരക്കില്‍ അകപ്പെട്ട കലക്ടര്‍ 15 മിനിറ്റ് കാത്തുനിന്ന ശേഷമാണ് ടോള്‍ബൂത്തിനു മുന്നിലെത്തിയത്. ടോള്‍പ്ലാസ സെൻററിനുള്ളില്‍ കാര്‍ നിര്‍ത്തിയ കലക്ടര്‍ ജീവനക്കാരെ വിളിച്ചുവരുത്തി. ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിര്‍ത്തി വലക്കുന്നതിെൻറ കാരണം തേടി. തുടര്‍ന്ന് ടോള്‍പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ദീര്‍ഘദൂരയാത്രക്കാര്‍ ഏറെനേരം കാത്തുനില്‍ക്കുമ്പോഴും പൊലീസ് പ്രശ്‌നത്തില്‍ ഇടപെടാതിരുന്നതാണ് കലക്ടറുടെ ശാസനക്ക് കാരണമായത്. പാതിരാവിലും അരമണിക്കൂറിലധികം ടോള്‍പ്ലാസയില്‍ ചെലവിട്ട കലക്ടര്‍ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിച്ച ശേഷമാണ് തൃശൂരിലേക്ക് പോയത്. അഞ്ച് വാഹനങ്ങളേക്കാൾ കൂടുതലുണ്ടെങ്കിൽ കാത്തുനിർത്താതെ കടത്തി വിടണമെന്നാണ് ചട്ടമെങ്കിലും ഇവിടെ ഇത് പാലിക്കാത്തത് പതിവ് തർക്കമാണ്. ടോള്‍ പ്ലാസ മൂലം വാഹനകുരുക്കുണ്ടാക്കിയാല്‍ നടപടിയുണ്ടാകുമെന്ന് ടോള്‍പ്ലാസ അധികൃതര്‍ക്ക് കലക്ടർ താക്കീതും നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
