ആർ.എസ്.എസ് ജനാധിപത്യത്തിന് ആപത്തെന്ന് തുഷാർ ഗാന്ധി; ‘മോദി കാണിക്കുന്ന സ്നേഹം വെറും നാടകം’
text_fieldsകൊച്ചി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ആർ.എസ്.എസ് ആപത്താണെന്ന് മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി. ഭരണഘടനയെ അവർ ചിതലുകളെ പോലെ കാർന്നു തിന്നുകയാണെന്നും ജനാധികാര ജനമുന്നേറ്റം സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കാൻ വൻ ജനപങ്കാളിത്തമുള്ള പ്രക്ഷോഭം ആവശ്യമായ കാലഘട്ടമാണിത്. ഭരണഘടനയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കുന്ന സ്നേഹം വെറും നാടകം മാത്രമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്ര സർക്കാർ വാരിക്കോരി നൽകുന്നത്. അല്ലാത്ത സംസ്ഥാനങ്ങളോട് ശത്രുതയോടെയാണ് പെരുമാറ്റം. കേന്ദ്രത്തിന്റെ പക്ഷപാതപരമായ നടപടിക്ക് കേരളവും ഇരയാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ പറഞ്ഞു. പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾ പരിഹരിക്കാൻ യുദ്ധത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത് അപകടകരമായ പ്രവണതയാണ്.
കാലാവസ്ഥാ വ്യതിയാനങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപുള്ള സർക്കാറിനെ ഇന്ന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധികാര ജനമുന്നേറ്റം ചെയർമാൻ അഡ്വ. തമ്പാൻ തോമസ് അധ്യക്ഷത വഹിച്ചു. എം.പി. മത്തായി, കായിക്കര ബാബു, മൈത്രേയൻ, എൻ.പി. പ്രേമചന്ദ്രൻ, എൻ.എ. മുഹമ്മദ്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

