സംഘ്പരിവാറിനെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് തുഷാർ ഗാന്ധി; ‘ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകർക്കെതിരെ നിയമനടപടിക്കില്ല’
text_fieldsതിരുവനന്തപുരം: രാജ്യത്തിന്റെ ആത്മാവിന് കാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘ്പരിവാറാണ് കാൻസർ പടർത്തുന്നതെന്നുമുള്ള പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി മഹാത്മ ഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധി. നെയ്യാറ്റിൻകരയിൽ തന്നെ തടഞ്ഞ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർക്കെതിരെ നിയമനടപടിക്കില്ലെന്ന് തുഷാർ ഗാന്ധി വ്യക്തമാക്കി.
സംഭവ സ്ഥലത്ത് നിന്ന് പോയതിന് ശേഷമാണ് പൊലീസ് എത്തിയത്. പ്രതിഷേധക്കാർ വാഹനം തടഞ്ഞു നിർത്താൻ ശ്രമിച്ചു. ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും തുഷാർ ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്നലെ നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ തുഷാർ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചത്. രാജ്യത്തിന്റെ ആത്മാവിന് കാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘ്പരിവാറാണ് കാൻസർ പടർത്തുന്നതെന്നുമാണ് തുഷാർ ഗാന്ധി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്.
ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമായിരുന്നു പ്രതിഷേധം. പരാമർശം പിൻവലിക്കാതെ സ്ഥലത്ത് നിന്ന് പോകാൻ അനുവദിക്കില്ലെന്ന് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ വ്യക്തമാക്കി. എന്നാൽ, നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് എന്നും ആർ.എസ്.എസ് മൂർദാബാദ് എന്നും വിളിച്ച് തുഷാർ ഗാന്ധി മടങ്ങിയത്.
അതേസമയം, തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍.എസ്.എസ്, ബി.ജെ.പി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി.
തുഷാര്‍ ഗാന്ധിയെ തടഞ്ഞത് കേരളത്തിന് അപമാനകരമായ സംഭവമാണെന്നും ഗാന്ധിയെ നിന്ദിച്ചതിന് തുല്യമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഗാന്ധിജിയെ വെടിവെച്ച് കൊന്ന ആ വെടിയുണ്ടയും അതിന് പിറകിലെ ഗോഡ്സെയും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബ്രിട്ടീഷുകാർക്ക് വേണ്ടി നമ്മുടെ എല്ലാ പോരാട്ടങ്ങളെയും ഒറ്റുകൊടുത്തവരാണ് ആർ.എസ്.എസ്. ഗാന്ധിജി ഉയർത്തിപിടിച്ച എല്ലാറ്റിനോടും അവർക്ക് പകയാണ്. അതു കൊണ്ട് മാത്രമാണ് ഗാന്ധിജിയുടെ പൗത്രനെ തടയാനുള്ള വിവരക്കേടും ധാർഷ്ട്യവും ധിക്കാരവും മാപ്പില്ലാത്തതുമായ നടപടിയെന്ന് ബിനോയ് വിശ്വം പറഞ്ഞു.
തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി പ്രതികരിച്ചു. ഗോഡ്‌സെയുടെ പ്രേതമാണ് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തമസ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതര മണ്ണില്‍ സ്ഥാനമില്ല. മതേതരമൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയായ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച കാന്‍സറാണ് സംഘ്പരിവാര്‍.
അത് പറയുന്നതില്‍ എന്താണ് തെറ്റ്? ഫാസിസത്തിന്റെ വക്താക്കളായ ആര്‍.എസ്.എസും ബി.ജെ.പിയും നടത്തിയത് ഗാന്ധി നിന്ദയാണ്. ഗാന്ധിജിയുടെ ചെറുമകനെ പോലും വെറുതെവിടാത്ത ബി.ജെ.പി ഫാഷിസ്റ്റാണോയെന്ന് ഇനിയെങ്കിലും സി.പി.എം വ്യക്തമാക്കണം. ഹീനമായ ഈ നടപടിക്ക് കേരളത്തിന്റെ മതേതര മനസ്സ് മാപ്പുനല്‍കില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.