തിരുവനന്തപുരം കോർപറേഷനിലെ വ്യാജ ഒപ്പ് കേസിൽ വഴിത്തിരിവ്; പരാതിക്കാരനെതിരെ മാനനഷ്ടക്കേസുമായി മേയർ
text_fieldsവി.വി. രാജേഷ്
തിരുവനന്തപുരം: കോർപറേഷനിലെ വ്യാജ ഒപ്പ് സംബന്ധിച്ച പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. മേയർക്ക് പുറമെ കാപ്പ കേസിൽ കരുതൽ തടങ്കലിൽ കഴിഞ്ഞ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ, നഗരസഭ സെക്രട്ടറി എന്നിവരെ പ്രതിചേർത്താണ് കേസെടുത്തത്.
കോർപറേഷനിലെ സി.പി.എം കക്ഷിനേതാവ് അഡ്വ. എസ്.പി. ദീപക്കിന്റെ പരാതിയിലാണ് മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ കേസെടുത്തത്. ബി.ജെ.പി നേതാവ് കൂടിയായ മേയർ വി.വി. രാജേഷാണ് കേസിലെ ഒന്നാം പ്രതി. ആർ. സുഗതൻ രണ്ടാം പ്രതിയും കോർപറേഷന് സെക്രട്ടറി മൂന്നാം പ്രതിയുമാണ്. വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
തുടർനടപടിയുടെ ഭാഗമായി മേയര്‍ ഉള്‍പ്പെടെയുള്ളവരെ വൈകാതെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമീഷണർ പ്രാഥമിക പരിശോധനക്ക് ശേഷം സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി.
കൗൺസിൽ യോഗത്തിൽ ഹാജരാകാതിരുന്ന സുഗതന്റെ ഒപ്പ് വി.വി. രാജേഷും സെക്രട്ടറിയും ചേര്‍ന്ന് വ്യാജമായി രേഖപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. കോർപറേഷന് ഭരണം നിലനിര്‍ത്താൻ പ്രതികള്‍ ഗൂഢാലോചന നടത്തി വ്യാജ ഒപ്പിട്ടെന്നും ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 ദിവസങ്ങളിലെ യോഗങ്ങളിലാണ് വ്യാജ ഒപ്പിട്ടതെന്നും എഫ്.ഐ.ആറിലുണ്ട്. കാപ്പ കേസിൽ കഴിഞ്ഞദിവസം സുഗതന് അനുകൂലമായ ഹൈകോടതി വിധിയുണ്ടായിരുന്നു.
അതിനിടെ, വ്യാജ ഒപ്പ് വിവാദത്തിൽ തനിക്കെതിരെ മാധ്യമങ്ങളിലൂടെയും പരാതിയിലും ആരോപണം ഉന്നയിച്ച എസ്.പി. ദീപക്കിനെതിരെ വി.വി. രാജേഷ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അഞ്ച് കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ദീപക് ആരോപണം പിൻവലിക്കണമെന്നും രാജേഷ് ആവശ്യപ്പെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

