വിശ്വാസം വ്രണപ്പെടാൻ അനുവദിക്കില്ല -കെ.ജയകുമാർ
text_fieldsതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറും ബോർഡ് അംഗമായി മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ കെ.രാജുവും സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി പി.എൻ.ഗണേശ്വരൻ പോറ്റി സത്യവാചകം ചൊല്ലി കൊടുത്തു. ദേവസ്വം ബോർഡ് അംഗം പി.ഡി.സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
ഏറെ നിര്‍ണായകമായ സമയത്താണ് പ്രസിഡന്‍റായി ചുമതല ഏറ്റെടുക്കുന്നതെന്നും, നിലവിലെ വിവാദങ്ങളുടെ പേരില്‍ ബോര്‍ഡിന്‍റെ വിശ്വാസ്യതയ്ക്കു ഭംഗം വന്നിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യം ആവര്‍ത്തിക്കില്ലെന്നും ജയകുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ വിവാദം വിശ്വാസികള്‍ക്കിടയില്‍ സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. ആ സാഹചര്യം അങ്ങനെ തന്നെ നിലനില്‍ക്കാന്‍ അനുവദിക്കില്ല. മോശമായ കാര്യങ്ങള്‍ അവിടെ നടക്കാന്‍ ഇടയായതിന് കാരണമായത് നടപടിക്രമങ്ങളിലെ പഴുതുകളാണ്. സമീപനങ്ങളിലെ ചില വൈകല്യങ്ങളുണ്ട്. അതെല്ലാം പരിശോധിച്ച് ആവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത തരത്തില്‍ നടപടി സ്വീകരിക്കും.
ദേവനെ പരിരക്ഷിക്കുന്ന ബോര്‍ഡാണ് ദേവസ്വം ബോര്‍ഡ് എന്ന അഭിമാനമാണ് ഭക്തര്‍ക്കുണ്ടായിരുന്നത്. അത് തിരിച്ചുപിടിക്കും. ഭഗവാന്‍റെ സ്വത്ത് നഷ്ടപ്പെടുന്നില്ലെന്നും ഭക്തര്‍ സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ഭദ്രമാണെന്നും ഉറപ്പാക്കും. വിശ്വാസം വൃണപ്പെടാന്‍ തക്ക ഒരു നടപടിയും ഈ ഭരണസമിതി അനുവദിക്കില്ലെന്നും ജയകുമാര്‍ പറഞ്ഞു.
ജയകുമാറിന്‍റെ ബലത്തിലാണ് ഈ ഒരു കാലാവസ്ഥയിൽ ബോർഡ് അംഗമാകാൻ തയ്യാറായതെന്ന് പി.രാജു പറഞ്ഞു. ചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, കേരള ദേവസ്വം റിക്രൂട്ട്മന്‍റ് ബോർഡ് ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസ്, മുൻ ദേവസ്വം പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്, മുൻ ബോർഡ് അംഗം എ. അജികുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

