യു.ഡി.എഫ് നേതാവിൻെറ ബന്ധു വൈസ് പ്രസിഡൻറ്; ന്യൂനപക്ഷ മോർച്ചയിൽ പ്രതിഷേധം
text_fieldsതൃശൂർ: ബി.ജെ.പിക്ക് കീഴിലുള്ള ന്യൂനപക്ഷ മോർച്ചയിൽ പണം വാങ്ങി പദവി നൽകിയെന്ന് ആക്ഷേപം. പരാതിയുയർന്നതോടെ സംസ്ഥാന നേതൃത്വം പരിശോധന തുടങ്ങി. വിദേശത്ത് കഴിയുന്ന യു.ഡി.എഫ് നേതാവും മുൻമന്ത്രിയുമായിരുന്നയാളുടെ ബന്ധുവിനെ സംസ്ഥാന വൈസ് പ്രസിഡൻറാക്കിയതും മറ്റ് രണ്ട് പേരെ സംസ്ഥാന ഭാരവാഹികളാക്കിയതുമാണ് പരാതിക്കിടയാക്കിയത്.
വിദേശത്തുള്ളയാൾക്ക് നാട്ടിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നിരിക്കെ പദവി നൽകിയത് പണം വാങ്ങിയാണെന്നും നേതാക്കളുടെ അറിവോടെയാണെന്നുമുള്ള ആക്ഷേപമാണ് പ്രവർത്തകർ ഉയർത്തിയിരിക്കുന്നത്. കെ. സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻറായതിന് ശേഷമുള്ള മോർച്ച ഘടകങ്ങളുടെ പുനഃസംഘടന അവസാനഘട്ടത്തിലാണ്.
ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന ഭാരവാഹികളുടെ വാട്സ്ആപ് ഗ്രൂപ്പായ ‘ന്യൂനപക്ഷ കൂട്ടായ്മ’യിൽ വിഷയം വലിയ ചർച്ചയായി. കേന്ദ്ര ഇടപെടലോടെ കെ. സുരേന്ദ്രനെ പ്രസിഡൻറാക്കിയെങ്കിലും ഒരു വിഭാഗം ഇപ്പോഴും സഹകരിച്ചിട്ടില്ല. ഇതിനിടെ സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് സുരേന്ദ്രെൻറ നിലപാടിനെതിരെ എം.ടി. രമേശ് പരസ്യമായി രംഗത്ത് വന്നിരുന്നു.
പോഷകസംഘടനകളെയടക്കം വരുതിയിലാക്കി സ്വന്തം അനുയായികളെ നിറക്കാനാണ് സുരേന്ദ്രെൻറ ശ്രമമെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. ഭാരവാഹികളെ നിയമിച്ചതും പുനഃസംഘടനയെയും ചൊല്ലിയുള്ള തർക്കം പരിഹരിക്കാനായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.