സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി; 52 ദിവസം നീളുന്ന നിരോധനം അവസാനിക്കുക ജൂലൈ 31ന്
text_fieldsട്രോളിങ് നിരോധനത്തിന്റെ ഭാഗമായി കൊല്ലം കാവനാട് പാലത്തിനുസമീപം അഷ്ടമുടിക്കായലിൽ നങ്കൂരമിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധ രാത്രിയോടെ നിലവിൽ വന്നു. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31ന് അർധരാത്രി വരെയാണ്.
മീൻപിടിത്ത ബോട്ടുകൾക്കും ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ച വലിയ വള്ളങ്ങൾക്കുമാണ് നിരോധനം ബാധകം. രണ്ടു ചെറുവള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങും പാടില്ല. അതേസമയം പരമ്പരാഗത മത്സ്യ ബന്ധന തൊഴിലാളികൾക്ക് ട്രോളിങ് നിരോധന കാലത്തും കടലിൽ പോകാം.
ട്രോളിങ് തുടങ്ങുന്നതിന് മുന്നോടിയായി കേരള തീരം വിടണമെന്ന നിർദേശത്തെ തുടർന്ന് ഇതര സംസ്ഥാന ബോട്ടുകൾ മിക്കതും നേരത്തെ മടങ്ങി. ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന മുഴുവൻ സ്വകാര്യ ഡീസൽ ബങ്കുകളും പ്രവർത്തനം നിർത്തി. ഒമ്പത് തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.
ഗോവയിലെ നാഷനൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോര്‍ട്സിൽ പരിശീലനം പൂര്‍ത്തിയാക്കിയ 76 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ സുരക്ഷാ സേനാംഗങ്ങളായി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമ്പത് തീരദേശ ജില്ലകളിൽ നിയോഗിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി 19 സ്വകാര്യ ബോട്ടുകളാണ് വാടകക്കെടുത്തത്.
വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും. ട്രോളിങ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്യാൻ സംവിധാനമൊരുക്കിയിട്ടുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.